Enter your Email Address to subscribe to our newsletters

Perumbavoor , 02 ജൂലൈ (H.S.)
പെരുമ്പാവൂർ: മാറമ്പള്ളിയിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിദേശത്തുനിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം (നെടുമ്പാശ്ശേരി) വഴി അതിസുരക്ഷാ മേഖലകൾ മറികടന്ന് കഞ്ചാവ് പുറത്തെത്തിക്കാൻ പ്രതികൾക്ക് വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ സഹായം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിലേക്കോ അവിടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിലേക്കോ ആണ് അന്വേഷണത്തിന്റെ വിരൽ ചൂണ്ടുന്നത്.
ലഹരിമരുന്ന് കടത്തിൽ വിമാനത്താവള ജീവനക്കാരുടെ പങ്കാളിത്തം വ്യക്തമായതോടെ കേസ് അതീവ ഗൗരവത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. നിലവിൽ അറസ്റ്റിലായ കാരിയർമാരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ സുരക്ഷാ പരിശോധനകളെപ്പോലും അട്ടിമറിച്ചാണ് ഇത്രയും വലിയ ലഹരിമരുന്ന് ശേഖരം പുറത്തെത്തിച്ചത് എന്നത് സുരക്ഷാ ഏജൻസികളെയും ആശങ്കയിലാക്കുന്നുണ്ട്.
വിപുലമായ അന്വേഷണം; ബാങ്ക് രേഖകൾ പരിശോധിക്കുന്നു
കേസിലെ മുഖ്യപ്രതികളുടെയും പിടിയിലായ കാരിയർമാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ശേഖരിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവരുടെ അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് രേഖകൾ കൃത്യമായി വിശകലനം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച വൻ സ്രാവുകളിലേക്ക് എത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പിടിയിലായവർക്കൊപ്പം കേരളത്തിൽ ഈ ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്തവരിലേക്കും വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
എന്താണ് ഹൈബ്രിഡ് കഞ്ചാവ്?
സാധാരണ കഞ്ചാവിനേക്കാൾ നാലും അഞ്ചും ഇരട്ടി ലഹരി നൽകുന്ന ഒന്നാണ് വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവ്. വിദേശരാജ്യങ്ങളിൽ അത്യാധുനിക ലാബുകളിലും ഇൻഡോർ പ്ലാന്റുകളിലും പ്രത്യേക പരിചരണത്തോടെ വളർത്തുന്ന ഇത്തരം കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ കോടികളാണ് വില. ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇവ കേരളത്തിലേക്ക് കടത്തുന്നത്.
മാറമ്പള്ളിയിലെ ഒളിസങ്കേതത്തിൽ നിന്ന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് പെരുമ്പാവൂർ പൊലീസ് നടത്തിയത്. വിമാനത്താവളത്തിനുള്ളിലെ കറുത്ത കൈകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന. കൊച്ചി വിമാനത്താവള കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിന് പിന്നാലെ ഇപ്പോൾ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളും വിമാനത്താവളത്തിനുള്ളിൽ സ്വാധീനമുറപ്പിച്ചത് പോലീസിനും എക്സൈസിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
---------------
Hindusthan Samachar / Roshith K