പാര്ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സുപ്രധാന ബില്ലുകള് പരിഗണിക്കും; എതിര്ക്കാന് പ്രതിപക്ഷം
New delhi, 20 ജൂലൈ (H.S.) പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെയാണ് സമ്മേളനം നിഷ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കും. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച്
Loksabha


New delhi, 20 ജൂലൈ (H.S.)

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെയാണ് സമ്മേളനം നിഷ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കും. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനുള്ള വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകും.

25 ദിവസം നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ആകെ 19 സിറ്റിങ്ങുകളാണുള്ളത്. സുപ്രധാനമായ പല നിയമനിര്‍മാണങ്ങളും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ലോക്സഭയില്‍ ഇന്ന് സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍ 2026 പരിഗണിക്കും. രാജ്യസഭയില്‍ ദേശീയ ഗാനത്തോടുള്ള അനാദരവ് തടയല്‍ (ഭേദഗതി) ബില്‍ 2026 ആണ് ചര്‍ച്ചയ്‌ക്കെടുക്കുക. ഇതിനുപുറമെ, ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍, ആദായനികുതി (ഭേദഗതി) ബില്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വികസന (ഭേദഗതി) ബില്‍ 2026 എന്നിവയും വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 40 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള അന്‍പതിലധികം നേതാക്കള്‍ പങ്കെടുത്തു. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനും പ്രധാന വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ഇന്നലെ ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗവും ചേര്‍ന്നു. സമ്മേളനത്തില്‍ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്ന നിയമനിര്‍മാണങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സര്‍ക്കാരിനെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ യോഗത്തില്‍ ആശയവിനിമയം നടത്തി. ക്രിയാത്മകമായ ചര്‍ച്ചകള്‍, അര്‍ഥവത്തായ പങ്കാളിത്തം, ഉയര്‍ന്ന പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഓം ബിര്‍ള ഊന്നിപ്പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇന്ന് പൊലീസ് വിലക്ക് ലംഘിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് മാര്‍ച്ച് നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. നിരാഹാര സമരം നടത്തിയിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ശനിയാഴ്ച പൊലീസ് നിര്‍ബന്ധപൂര്‍വം ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് കോക്രോച്ച് പ്രസ്ഥാനം കൂടുതല്‍ ശക്തമായത്. വാങ്ചുക്ക് സമരം ചെയ്തിരുന്ന വേദിക്ക് ചുറ്റും വാരാന്ത്യത്തില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. പലരും വാങ്ചുക്കിന്റെ പോസ്റ്ററുകളും ഫോട്ടോകളും കൈയിലേന്തിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അറസ്റ്റ് ആവശ്യപ്പെട്ടത്.

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചതിന് പിന്നാലെ മെയ് മാസത്തില്‍ രൂപീകരിച്ച ഈ പ്രസ്ഥാനത്തിന് ദിവസങ്ങള്‍ക്കകം ഇന്‍സ്റ്റാഗ്രാമില്‍ 2.2 കോടി ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നു. തുടക്കത്തില്‍ ഓണ്‍ലൈനിലൂടെ വലിയ പിന്തുണ നേടിയ ഈ മുന്നേറ്റം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി രാഷ്ട്രീയ, കര്‍ഷക സംഘടനകളും പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആസൂത്രണം ചെയ്ത മാര്‍ച്ച് ഇന്ത്യയുടെ രണ്ടാമത്തെ സ്വാതന്ത്ര്യ സമരമാണെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള അനീതികളില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനും തന്റെ നിയമവിരുദ്ധമായ തടങ്കല്‍ പോലുള്ള ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണിതെന്നും 59കാരനായ വാങ്ചുക്ക് ഞായറാഴ്ച എക്‌സില്‍ ഭാര്യ ഗീതാഞ്ജലി ആംഗ്മോ വഴി പങ്കുവച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

എന്നാല്‍, മൂന്നാഴ്ചയിലേറെയായി പ്രതിഷേധക്കാര്‍ ക്യാമ്പ് ചെയ്യുന്ന ജന്തര്‍ മന്ദിര്‍ ഒഴികെ ന്യൂഡല്‍ഹി ജില്ലയില്‍ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 20 മുതല്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ സുരക്ഷ, സംരക്ഷണം ലഭിക്കേണ്ടവരുടെ സുരക്ഷ, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് എക്‌സില്‍ വ്യക്തമാക്കി

---------------

Hindusthan Samachar / Sreejith S


Latest News