Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
ഡല്‍ഹിയിലെ തെരുവുകളില് ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.്. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാര്‍, ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ത്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോഴും കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുകയോ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ആദ്യ പരീക്ഷ റദ്ദാക്കി പുന:പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ, കുട്ടികള്‍ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി.
ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അപകടപ്പെട്ട സമയത്താണ് സമാധാനപരമായ ജനകീയ പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ദേശീയ പ്രവേശന പരീക്ഷകളില്‍ തുടര്‍ച്ചയായി ഉണ്ടായ ക്രമക്കേടുകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകര്‍ത്തത്. ഇതിനെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളെ ബാരിക്കേഡുകള്‍ തീര്‍ത്ത് ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമര്‍ത്തുകയാണ്. ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നേരിടുന്നതിലൂടെ പ്രകടമാവുന്നത്. ഈ അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണം.
പരീക്ഷാ ക്രമക്കേടുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്ന സമഗ്രമായ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങളെന്നും പിണറായി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S