Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ കോടതി നാളെ വിധി പറയും.
അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളിലും ഇഡി കക്ഷി ചേര്‍ന്നിട്ടുണ്ട്. എല്ലാ കേസുകളിലും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കി. ശ്രീജിത്, അനില്‍, ദിനീത്, രേവന്ത്, അമല്‍, ദിനകര്‍, വിജയ്, ഷിജോ സലിം, നിഷാദ് എന്നീ ഒന്‍പത് പേരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന അവരുടെ ജുഡീഷ്യല്‍ അധികാരത്തിന്റെ ഭാഗമാണെന്നും അതിനെയാണ് പ്രതികള്‍ തടഞ്ഞതെന്നും ഏജന്‍സിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ സഹകരിച്ചാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കേസന്വേഷണം ഭരണഘടന പദവി വഹിക്കുന്നവരിലേക്ക് നീളുകയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഒരു ഫോണില്‍ നിന്ന് മാത്രം 130 കോളുകള്‍ പോയിട്ടുളളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അവര്‍ ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സന്തോഷ് കുമാര്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ കര്‍ശന വ്യവസ്ഥകളോടെ പോലും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. ഇതിനുമുന്‍പ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് ബംഗാളിലാണെന്നും അതില്‍ പങ്കാളിയായ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.
ഇഡിയുടെ പരിശോധന ആരംഭിച്ച് അഞ്ച് മണിക്കൂറിനകം 300 പേര്‍ പ്രതിയാകുന്ന തരത്തില്‍ ഒരു അക്രമസംഭവം ഉണ്ടായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്ന് വിശ്വസിക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്‍കൂര്‍ ആഹ്വാനമില്ലാതെ ഇത്രയധികം ആളുകള്‍ തടിച്ചുകൂടിയതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സി പരിശോധനയ്ക്ക് എത്തിയത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ കാര്‍ തല്ലിത്തകര്‍ക്കുകയും വനിത ഉള്‍പ്പെടെയുള്ള ഇഡി സംഘത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
അക്രമം തടയാന്‍ ശ്രമിച്ച പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വലിയ കൈയാങ്കളിയുണ്ടായി. തുടര്‍ന്നാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
---------------
Hindusthan Samachar / Sreejith S