എഫ്സിആര്എ ഭേദഗതി ബില്ലില് തിരുത്തലുകളില്ല; ആശങ്ക ആവര്ത്തിച്ച് കേരള കത്തോലിക്കാ സഭ
Kochi, 20 ജൂലൈ (H.S.) കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്ന എഫ്സിആര്‍എ ഭേദഗതി ബില്ലില്‍ ആശങ്കകള്‍ വീണ്ടും ആവര്‍ത്തിച്ച് കേരള കത്തോലിക്കാ സഭ. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പരിഗണനയ്ക്കെടുക്കാനിരിക്കെ വിവാദപര
KCBC head quarters


Kochi, 20 ജൂലൈ (H.S.)

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്ന എഫ്സിആര്‍എ ഭേദഗതി ബില്ലില്‍ ആശങ്കകള്‍ വീണ്ടും ആവര്‍ത്തിച്ച് കേരള കത്തോലിക്കാ സഭ. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പരിഗണനയ്ക്കെടുക്കാനിരിക്കെ വിവാദപരമായ വ്യവസ്ഥകള്‍ തിരുത്തലുകളില്ലാതെ തുടരുന്നുവെന്ന് കത്തോലിക്ക സഭ അവകാശപ്പെട്ടു.

എഫ്സിആര്‍എയിലെ ഭേദഗതി ബില്ലിലെ വിവാദമായ വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക മാറ്റങ്ങളൊന്നും ഇതുവരെ വരുത്തിയിട്ടില്ലെന്ന് കേരള കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) വക്താവ് ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു. അന്ന് സഭ ഉന്നയിച്ച ആശങ്കകള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ ഏപ്രില്‍ 1 ന് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്ന അതേ ബില്ലാണ്. അതിന്റെ ഉള്ളടക്കത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല, അന്ന് ഞങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിലെ നിരവധി വ്യവസ്ഥകള്‍ക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണ്. കത്തോലിക്കാ സഭയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ വിഷയം, മറിച്ച് വിദേശ ധനസഹായത്തോടെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തുടനീളമുള്ള നിരവധി സന്നദ്ധ സംഘടനകളെ ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിലെ ചില വ്യവസ്ഥകള്‍ സ്വാഭാവിക നീതിയുടെ തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഭരണഘടനയുടെ ആത്മാവിന് അനുസൃതമല്ലാത്ത വ്യവസ്ഥകള്‍ അടങ്ങിയിട്ടുണ്ടെന്നും കെസിബിസി വക്താവ് ആരോപിച്ചു. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും അനുസൃതമായി സഭ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ബില്ല് പിന്‍വലിക്കണമെന്ന് സിബിസിഐ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക നടപടികളൊന്നും ഉണ്ടായിരുന്നില്ല. മതസ്വാതന്ത്ര്യം, പട്ടികജാതി (എസ്സി) ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍, മണിപ്പൂരിലെ മാനുഷിക പ്രതിസന്ധി എന്നിങ്ങനെയുള്ള ആശങ്കകള്‍ ഉന്നയിച്ചാണ് സിബിസിഐ ഷായ്ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

ബില്ലിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ എഫ്സിആര്‍എയിലെ നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ സിബിസിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി ദരിദ്രരും ദുര്‍ബലരുമായ സമൂഹങ്ങള്‍ക്ക് സേവനം നല്‍കുന്ന ചാരിറ്റബിള്‍ സ്ഥാപനങ്ങളെ ബാധിക്കുമെന്ന് പറയുകയും ചെയ്തു. നിര്‍ദ്ദിഷ്ട ഭേദഗതി ബില്ലും അടുത്തിടെ വിജ്ഞാപനം ചെയ്ത നിയമങ്ങളും പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. പങ്കാളികളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം രണ്ടും പുനര്‍നിര്‍മ്മിക്കണമെന്ന് സഭാ വൃത്തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, കേരള നിയമസഭ തെരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് ചര്‍ച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു. ലോക്സഭ സെക്രട്ടേറിയറ്റ് എഫ്സിആര്‍എ അടക്കം ഏഴ് ബില്ല് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പരിഗണനയ്ക്ക് എടുത്ത് പാസാക്കാനാണ് ബില്ല് ലിസ്റ്റ് ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News