Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസില്‍ വന്‍ ട്വിസ്റ്റ്. പരാതിക്കാരനായ മാര്‍ക്ക് വിജയകുമാര് തന്റെ കുഞ്ഞിന്റെ പിതാവ് ആണെന്നും ബിസിനസ് പങ്കാളിയാണെന്നും ആവകാശപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ റോഷ്നി രംഗത്ത് എത്തി. വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിക്കുന്ന വിഡിയോയാണ് റോഷ്നി പുറത്തുവിട്ടത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി അറസ്റ്റ് റദ്ദാക്കിയെന്നും റോഷ്നി പറഞ്ഞു.
''അഞ്ചു കോടി പറ്റിച്ചുവെന്നും അറസ്റ്റ് ചെയ്തുവെന്നുമാണ് വാര്‍ത്ത പുറത്തുവന്നത്. ബിസിനസ് പങ്കാളിയായ മാര്‍ക്ക് വിജയകുമാറിന്റെ ഭാഗത്തുനിന്നാണ് ഇത്തരത്തില്‍ ആരോപണം വന്നത്. എന്റെ ബിസിനസ് തകര്‍ക്കാനും മറ്റുപല സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിയാണ് ഈ ആരോപണം. മാര്‍ക്ക് വിജയകുമാര്‍ എന്റെ ബിസിനസ് പാര്‍ട്ണറും കുഞ്ഞിന്റെ അച്ഛനുമാണ്''- റോഷ്നി വിഡിയോയില്‍ പറയുന്നു. കുഞ്ഞിനും വിജയകുമാറിനും ഒപ്പമുള്ള വിവാഹ ഫോട്ടോയും റോഷ്നി പുറത്തുവിട്ടു. തന്റെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസില്‍ പരാതിക്കാരനായ വിജയകുമാറിന്റെ പേരാണെന്നും യുവതി പറഞ്ഞു. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ തെലങ്കാന സ്വദേശിയായ മാര്‍ക്ക് വിജയകുമാറും താനും ഓഹരി ഉടമകളാണെന്നാണ് റോഷ്നി പറയുന്നത്. ബിസിനസ് തര്‍ക്കങ്ങളാണ് പരാതിക്ക് കാരണം എന്നാണ് ആരോപണം. കുഞ്ഞിനൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങളും, വിവാഹഫോട്ടോയും ഉള്‍പ്പെടെയാണ് റോഷ്നി പുറത്തുവിട്ടത്.
ഹൈദരാബാദ് സ്വദേശിയായ വ്യവസായി മാര്‍ക്ക് വിജയകുമാറിനെ ഹണി ട്രാപ്പിന് ഇരയാക്കി 5 കോടി തട്ടിയെടുത്തെന്ന കേസിലാണ് നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷിനെ (37) ഇന്നലെ വഞ്ചിയൂര്‍ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ഭാര്യ സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ആര്‍.ബി.കൃഷ്ണയെ നേരില്‍കണ്ടു പരാതി നല്‍കിയതോടെയാണ് വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഗര്‍ഭിണിയാക്കിയെന്നു ഭീഷണിപ്പെടുത്തി ഫ്‌ലാറ്റും സ്വര്‍ണാഭരണവും പണവും ഉള്‍പ്പെടെ 5 കോടി രൂപയുടെ സ്വത്തുക്കള്‍ ഇവര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. വ്യവസായിയുടെ ഉടമസ്ഥതയില്‍ 4 വര്‍ഷം മുന്‍പ് കൊച്ചിയില്‍ ആരംഭിച്ച ജര്‍മന്‍ ഭാഷാ പഠന സെന്ററിലെ ജീവനക്കാരിയായിരുന്നു റോഷ്നി. വിജയകുമാറുമായി അടുപ്പം സ്ഥാപിച്ച റോഷ്നി പിന്നീട് ഇയാള്‍ തന്നെ ഗര്‍ഭിണിയാക്കിയെന്നും കുട്ടിയുണ്ടായെന്നും ആരോപിച്ചുവെന്നു പരാതിയില്‍ പറയുന്നു. ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് പറഞ്ഞാണ് പലപ്പോഴായി കോടികള്‍ തട്ടിയെടുത്തത്. തൃപ്പുണ്ണിത്തുറയില്‍ 1.5 കോടിയുടെ ഫ്ലാറ്റും സ്വന്തം നാടായ മലയിന്‍കീഴില്‍ 20 സെന്റ് ഭൂമിയും റോഷ്നി സ്വന്തം പേരില്‍ വാങ്ങിപ്പിച്ചുവെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു. തനിക്ക് ജനിച്ച കുഞ്ഞ് പരാതിക്കാരന്റെതാണെന്ന് ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്വര്‍ണവും ഉള്‍പ്പെടെ അഞ്ചു കോടി രൂപ തട്ടിയെടുത്തു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
നേരത്തേ രണ്ടു വിവാഹങ്ങള്‍ ചെയ്ത റോഷ്നി വിവാഹ മോചിതയായിരുന്നു. ഇതിനിടെ മൂന്നാമത്തെ വിവാഹം കഴിച്ചു. ഇയാള്‍ക്കെതിരെ തൃക്കാക്കര പൊലീസില്‍ പീഡനപരാതിയും നല്‍കിയിട്ടുണ്ട്. റോഷ്നി 2009ല്‍ വിവാഹമോചനം നേടി. 2013, 2022, 2023 വര്‍ഷങ്ങളില്‍ റോഷ്നി വീണ്ടും വിവാഹം കഴിച്ചതിന്റെ രേഖകളുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിനിടെയാണ് ഇപ്പോഴത്തെ പരാതിക്കാരനുമായി ബന്ധമുണ്ടാകുന്നത്. പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് യുവതിക്കും യുവതി തിരിച്ചും സാമ്പത്തിക കൈമാറ്റം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചൂഷണം പരിധി വിടുകയും യുവ വ്യവസായിയുടെ ഭാര്യയെ യുവതി ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി എത്തിയത്.
---------------
Hindusthan Samachar / Sreejith S