Enter your Email Address to subscribe to our newsletters

Alapuzha , 20 ജൂലൈ (H.S.)
ആലപ്പുഴ: മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരുവിധ മലക്കംമറിച്ചിലുമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാണെന്നും ഇത് അന്നം മുടക്കലല്ല, മറിച്ച് സർക്കാർ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കലാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോഴുണ്ടായ സംഭവവികാസങ്ങളാണ് ഈ നടപടികളിലേക്ക് നയിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. അവിടെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരിയോട്, ഇത് ഞങ്ങളുടെ സ്ഥലമാണ്, ഇവിടെ പ്രവർത്തനം നടത്തണമെങ്കിൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നൽകണം എന്ന ധാർഷ്ട്യത്തോടെയുള്ള സമീപനമാണ് സേവാഭാരതി പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ കർശനമായ തീരുമാനം കൈക്കൊള്ളാൻ സർക്കാർ നിർബന്ധിതരായത്.
മെഡിക്കൽ കോളേജ് പരിസരവും കെട്ടിടങ്ങളും സർക്കാരിന്റെ പൊതുസ്വത്താണെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ഇത് ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ സ്വന്തം തറവാട്ടു സ്വത്തല്ലെന്ന് കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ സർക്കാർ ഭൂമി കൈയ്യേറാൻ ആരെയും അനുവദിക്കില്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനോട് സർക്കാരിന് യാതൊരുവിധ എതിർപ്പുമില്ല. ആരുടെയും അന്നം മുടക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ സർക്കാർ സ്ഥലം കൈയ്യേറുന്നതും വലിയ ബാനറുകൾ സ്ഥാപിച്ച് സ്വന്തം സംഘടനയുടെ പരസ്യം നൽകുന്നതും ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഇത്തരം നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, രോഗികൾക്കും ആശ്രയമറ്റവർക്കും തടസ്സമില്ലാതെ ഭക്ഷണം ഉറപ്പാക്കുന്നതിനായി ആലപ്പുഴയിൽ മാത്രം കമ്മ്യൂണിറ്റി കിച്ചൻ (സാമൂഹിക അടുക്കള) സംവിധാനം കൊണ്ടുവരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴയിൽ ഈ പദ്ധതി ഉടൻ തന്നെ യാഥാർത്ഥ്യമാക്കും. സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിലവിൽ നടക്കുന്നതുപോലെ തന്നെ പൊതിച്ചോർ വിതരണവും മറ്റ് സേവനങ്ങളും തുടരാവുന്നതാണ്. അവിടെയൊന്നും തൽക്കാലം ഇടപെടില്ല. എന്നാൽ, ആലപ്പുഴയിലേതിന് സമാനമായി മറ്റ് ആശുപത്രികളിൽ നിന്നോ സ്ഥലങ്ങളിൽ നിന്നോ പരാതികൾ ഉയരുകയാണെങ്കിൽ, അവിടെയും സമാനമായ കർശന നടപടികളിലേക്ക് കടക്കാൻ സർക്കാർ മടിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / Roshith K