വാഗ്ദാനങ്ങൾ പാഴ്വാക്കായി; കള്ളാടി ദുരന്തത്തിന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇരകൾക്ക് സഹായമില്ല, ദുരിതക്കയത്തിൽ അതിജീവിച്ചവർ
Kalpetta, 20 ജൂലൈ (H.S.) കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിൽ ദുരന്തം നാടിനെ നടുക്കിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. എന്നാൽ, ദുരന്തബാധിതരെ ചേർത്തുപിടിക്കുമെന്ന അധികാരികളുടെ വലിയ വാഗ്ദാനങ്ങളെല്ലാം ഇപ്പോഴും വെറും പാഴ്വാക്കായി തുടര
വാഗ്ദാനങ്ങൾ പാഴ്വാക്കായി; കള്ളാടി ദുരന്തത്തിന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇരകൾക്ക് സഹായമില്ല, ദുരിതക്കയത്തിൽ അതിജീവിച്ചവർ


Kalpetta, 20 ജൂലൈ (H.S.)

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിൽ ദുരന്തം നാടിനെ നടുക്കിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. എന്നാൽ, ദുരന്തബാധിതരെ ചേർത്തുപിടിക്കുമെന്ന അധികാരികളുടെ വലിയ വാഗ്ദാനങ്ങളെല്ലാം ഇപ്പോഴും വെറും പാഴ്വാക്കായി തുടരുകയാണ്. മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇനിയും ഇരകളുടെ കൈകളിൽ എത്തിയിട്ടില്ല. ദുരന്തം വിതച്ച ആഘാതത്തിൽ നിന്നും ഇതുവരെ മുക്തരാകാത്ത അതിജീവിച്ചവർ, ഇപ്പോൾ തുടർചികിത്സയ്ക്ക് പോലും പണമില്ലാതെ വലിയ ദുരിതത്തിലാണ് ജീവിതം തള്ളിനീക്കുന്നത്.

മരണത്തിന്റെ കറുത്ത കൈകളിൽ നിന്നും തലനാരിഴയ്ക്കാണ് മീനാക്ഷി എസ്റ്റേറ്റിലെ സെൽവരാജും കൂടമ്മാളും അന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയത്. തങ്ങളുടെ കൺമുന്നിൽ മണ്ണുമൂടിപ്പോയ ദുരന്തഭൂമിയിൽ നിന്നും അവർ പ്രാണരക്ഷാർത്ഥം ഓടിയ ആ ഓട്ടം ചെന്നവസാനിച്ചത് പക്ഷേ, തീരാത്ത വറുതിയിലേക്കും കണ്ണീരിലേക്കുമാണ്. അപകടത്തിൽ കൂടമ്മാളുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കൃത്യമായ തുടർചികിത്സയും വിശ്രമവും ആവശ്യമാണെങ്കിലും മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. അധ്വാനിച്ച് ജീവിച്ചിരുന്ന കൈകൾക്ക് പരിക്കേറ്റ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായതോടെ ഇവരുടെ വരുമാനമാർഗ്ഗവും പൂർണ്ണമായി അടഞ്ഞു.

ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ അധികാരികളോ ജനപ്രതിനിധികളോ തങ്ങളുടെ അവസ്ഥ അന്വേഷിക്കാൻ എത്തുന്നില്ലെന്നാണ് പ്രാദേശികവാസികളുടെ പരാതി. താൽക്കാലിക ആശ്വാസമായി പോലും ഒരു സഹായവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സെൽവരാജും കൂടമ്മാളും സാക്ഷ്യപ്പെടുത്തുന്നു. കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മൺതിട്ടയിടിച്ചിലാണ് വലിയ ദുരന്തത്തിന് കാരണമായത്. ഈ മനുഷ്യനിർമ്മിത ദുരന്തത്തിന്റെ ഇരകളായി മാറിയ സാധാരണക്കാരായ തൊഴിലാളികളോടും പ്രദേശവാസികളോടും സർക്കാർ കാട്ടുന്ന ഈ നിസ്സംഗതയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.

സ്വകാര്യ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിക്കുന്ന ചെറിയ സഹായങ്ങൾ കൊണ്ടാണ് പല കുടുംബങ്ങളും ഇപ്പോൾ വിശപ്പടക്കുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം, അടിയന്തരമായി ധനസഹായം വിതരണം ചെയ്യാനും പരിക്കേറ്റവർക്ക് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ദുരന്തബാധിതരുടെ ഒരേയൊരു ആവശ്യം. ലക്ഷങ്ങളുടെ ധനസഹായ പ്രഖ്യാപനങ്ങളുടെ പത്രവാർത്തകൾക്കിടയിലും, കള്ളാടിയിലെ ലയങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അതിജീവിച്ചവർ പട്ടിണിയോടും രോഗങ്ങളോടും പോരാടുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News