Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച. നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു.വിനുള്ള മുഴുവന്‍ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആദേശ് സുധര്‍മന്‍, അരുണ്‍ രാജേന്ദ്രന്‍, യദുകൃഷ്ണന്‍ എന്നിവരും തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ഗോപു നെയ്യാറും അലോഷ്യസിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട ജിയോണ ജെയിംസിനെ മാറ്റണമെന്നതാണ് കെ.എസ്.യു. നിലപാട്. ലോ കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകയായിരുന്ന ജിയോണ ഇപ്പോഴും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിക്കുന്നു. ഈ പശ്ചാത്തലം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.യു.വിന്റെ വികാരം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ വളരെ പോസിറ്റീവായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോഷ്യസ് പറഞ്ഞു.
കെ.എസ്.യു. സര്‍ക്കാരിനെതിരാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അലോഷ്യസ് തള്ളി. മുഖ്യമന്ത്രിയും മറ്റു മിക്ക മന്ത്രിമാരും കെ.എസ്.യു.വിലൂടെ വളര്‍ന്നുവന്നവരാണ്. അതിനാല്‍ കെ.എസ്.യു.ക്കാരുടെ വൈകാരികത അവര്‍ക്ക് മനസ്സിലാകും. തങ്ങള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത് തങ്ങളുടെകൂടി സര്‍ക്കാരാണെന്ന ബോധ്യം സംഘടനയ്ക്കുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി.
പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്റിനോട് മുഖ്യമന്ത്രി വിഡി സതീശന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. കൊച്ചിയിലെ പൊതുപരിപാടിയില്‍ തൊട്ടടുത്തെത്തി കാണാന്‍ ശ്രമിച്ചിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്നത് തുടരുമെന്ന് തുറന്നടിച്ച് കെഎസ് യു പ്രസിഡന്റും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. കെ എസ് യുവിന് പിന്തുണയമായി കെസി പക്ഷത്തെ മന്ത്രിമാരടക്കം കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കെപിസിസി നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. പരസ്യ പ്രതികരണം പാടില്ലെന്ന് കെ.എസ്.യുവിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ കെ.എസ്.യു മുന്നോട്ടുവയ്ക്കുന്ന ആശങ്കകള്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് അലോഷ്യസ് സേവ്യറെ കാണാന്‍ തയാറായത്.
---------------
Hindusthan Samachar / Sreejith S