Enter your Email Address to subscribe to our newsletters

New delhi, 20 ജൂലൈ (H.S.)
വിവാദ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അയോധ്യയിലെ രാമക്ഷേത്ര സംഭാവനയിലെ തിരിമറി, നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കാത്തതിലാണ് വിമര്‍ശനം.ബില്ലുകള്‍ അവതരിപ്പിക്കാനും പാസാക്കാനുമുള്ള ഒരു നോട്ടീസ് ബോര്‍ഡ് മാത്രമായി പാര്‍ലമെന്റിനെ മാറ്റാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നിരിക്കെ പ്രതിപക്ഷത്തിന് തങ്ങളുടെ അഭിപ്രായം പറയാനുള്ള അവസരം ലഭിക്കണമെന്നും ജനങ്ങളുടെ ശബ്ദം ഉയരേണ്ട വേദിയാണ് പാര്‍ലമെന്റ് എന്നും ശശി തരൂര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും അവ തുറന്നുപറയാനും, ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനും കഴിയുന്ന ഒരു വേദിയായി പാര്‍ലമെന്റ് നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (CJP) പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ് നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടും തരൂര്‍ പ്രതികരിച്ചു. അഹിംസാത്മകമായ പ്രതിഷേധം നടക്കുമ്പോള്‍ എന്തിനാണ് ലാത്തിച്ചാര്‍ജ് നടത്തുന്നത് എന്ന് മനസിലാകുന്നില്ല. ലാത്തിച്ചാര്‍ജ് അഹിംസയല്ല. അതൊരു അക്രമമാണെന്നും ഇതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ സംഭാവന തട്ടിപ്പ്, നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, കോണ്‍ഗ്രസിന്റെ 'ഛാത്രോം കി ഗൂഞ്ച് എന്ന പരിപാടിയുടെ ഭാഗമായി ഉയര്‍ത്തിയ വിഷയങ്ങള്‍ എന്നിവ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് തരൂര്‍ വിമര്‍ശിച്ചു. ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ലമെന്റ് ഇല്ലെങ്കില്‍, സത്യത്തില്‍ അതിന് എന്ത് പ്രസക്തിയാണുള്ളതെന്ന് തരൂര്‍ ചോദിച്ചു.
സര്‍ക്കാരിന്റെ ബില്ലുകള്‍ പ്രഖ്യാപിക്കാനും അവ വെറും 'റബ്ബര്‍ സ്റ്റാമ്പ്' പോലെ പാസാക്കിയെടുക്കാനുമുള്ള ഒരു അറിയിപ്പ് ബോര്‍ഡായി പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനാവില്ല. പാര്‍ലമെന്റിന്റെ ധര്‍മ്മം അതല്ല. മറിച്ച്, എല്ലാ അഭിപ്രായങ്ങളും കേള്‍ക്കാനും ആവശ്യാനുസരണം ചര്‍ച്ച ചെയ്യാനും വാദപ്രതിവാദങ്ങള്‍ നടത്തി ബില്ലുകള്‍ പാസാക്കാനുമുള്ള ഒരു വേദിയായിരിക്കണം അതെന്നും ശശി തരൂര്‍ പറഞ്ഞു. പരസ്പര സഹകരണം അനിവാര്യമായതിനാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സഹകരിക്കാന്‍ തയ്യാറായാല്‍ പ്രതിപക്ഷവും സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയിലും രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തതിനെത്തുടര്‍ന്ന്, വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്സഭ പലതവണ നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് തരൂരിന്റെ പരാമര്‍ശങ്ങള്‍.
---------------
Hindusthan Samachar / Sreejith S