Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
സംസ്ഥാനത്ത് ഇന്നു മുതല്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില് മഴ അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കണ്ണൂരിലും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത
ഇന്ന് വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസറഗോഡ് എന്നിവടങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇടിമിന്നലോടു കൂടിയ ഈ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് ആയിരിക്കും. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത ആവശ്യമാണ്.
പൊതുജനങ്ങള്‍ക്കായുള്ള അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
മഴ കനക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്
മാറിത്താമസിക്കല്‍: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ പകല്‍ സമയത്തുതന്നെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം.
യാത്രകള്‍ ഒഴിവാക്കുക: വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായും ഒഴിവാക്കുക. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി സെല്‍ഫിയെടുക്കാനോ കൂട്ടംകൂടി നില്‍ക്കാനോ പാടില്ല.
ശക്തമായ കാറ്റ്: കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നും അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
എമര്‍ജന്‍സി കിറ്റ്: ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി കിറ്റുകള്‍ തയാറാക്കി വെക്കേണ്ടതാണ്.
---------------
Hindusthan Samachar / Sreejith S