Enter your Email Address to subscribe to our newsletters

Kochi, 20 ജൂലൈ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയോട് കടുപ്പിച്ച് ഹൈക്കോടതി. കേസില്‍ അന്തിമ റിപ്പോര്ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. 2025 ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇതോടെയാണ് വേഗത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
ശാസ്ത്രീയ പരിശോധനാ ഫലം ജംഷേദ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍നിന്ന് കഴിഞ്ഞ ആറിനാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ചെമ്പില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കാന്‍ ഉപയോഗിച്ച ലായനി സംബന്ധിച്ച് വിശദമായി അന്വേഷിച്ച എസ്.ഐ.ടി., ലാബിലെ ശാസ്ത്രജ്ഞരില്‍നിന്ന് മൂന്നുദിവസം തങ്ങി മൊഴിയെടുക്കുകയും ചെയ്തു. വിജയ് മല്യയും സ്മാര്‍ട്ട് ക്രിയേഷന്‍സും സ്വര്‍ണം പൂശിയ സമയത്ത് ഓരോ പാളികളിലും എത്ര അളവ് സ്വര്‍ണമുണ്ടായിരുന്നെന്നും അതിലെത്ര സ്വര്‍ണം നഷ്ടപ്പെട്ടെന്നും പരിശോധനയില്‍ വ്യക്തമായി.ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും, ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്‌ഐടി നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2019ല്‍ സ്വര്‍ണ്ണംപൊതിഞ്ഞ ദ്വാരപാലക പാളികളില്‍ അളവ് കുറച്ച് സ്വര്‍ണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ദേവസ്വം ചട്ടങ്ങള്‍ ലംഘിച്ച് ദ്വാരപാലക പാളികള്‍ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്‌പോണ്‍സറും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വര്‍ഷങ്ങള്‍ നീണ്ട കൃത്യമായ പദ്ധതിയിലൂടെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
സ്വര്‍ണപാളികള്‍ വീണ്ടും അഴിച്ചുകൊണ്ടുപോയി സ്വര്‍ണം പൂശിയതും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളടക്കം പ്രതിപ്പട്ടികയില്‍ വരാനും വരുംദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്
---------------
Hindusthan Samachar / Sreejith S