അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: അധ്യാപകൻ ഡോ. എം കെ റാമിന്റെ ചോദ്യം ചെയ്യൽ തുടരുന്നു; ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മൊഴി
Kannur, 20 ജൂലൈ (H.S.) കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായിരുന്ന ആർ എൽ നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോളജ് അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസിൽ ഒന്
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുടെ മരണം: അധ്യാപകൻ ഡോ. എം കെ റാമിന്റെ ചോദ്യം ചെയ്യൽ തുടരുന്നു; ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മൊഴി


Kannur, 20 ജൂലൈ (H.S.)

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായിരുന്ന ആർ എൽ നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോളജ് അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസിൽ ഒന്നാം പ്രതിയായ ഡോ. റാം ചോദ്യം ചെയ്യലിൽ കുറ്റം പൂർണ്ണമായും നിഷേധിച്ചതായാണ് വിവരം. താൻ നിതിൻരാജിനെ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. താൻ ഒരു കർക്കശക്കാരനായ അധ്യാപകൻ മാത്രമായിരുന്നുവെന്നും വിദ്യാർഥികളോട് പഠനകാര്യങ്ങളിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഡോ. റാം മൊഴി നൽകിയിട്ടുണ്ട്.

നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതിയായ ഡോ. എം കെ റാം ഒടുവിൽ പോലീസ് പിടിയിലാകുന്നത്. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് ക്രൈംബ്രാഞ്ച് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. കുടകില് നിന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിന്തുടർന്ന് തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. എന്നാൽ, താൻ പോലീസിന് മുന്നിൽ കീഴടങ്ങാൻ വേണ്ടി കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് ഡോ. റാം അവകാശപ്പെടുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർന്ന് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കുകയും വിശദമായ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കോളജിലെ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകനായ ഡോ. റാമിന്റെ ഭാഗത്തുനിന്ന് നിരന്തരമായ മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും നിതിൻരാജിന് നേരിടേണ്ടി വന്നിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതും പ്രതിക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതും. അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പ്രതിക്കായി മൂന്ന് മാസമായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഡോ. റാമിന്റെ അറസ്റ്റോടെ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നത്. കോളജിലെ മറ്റ് അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി വിദ്യാർഥി സംഘടനകളും രംഗത്തുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News