Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ജൂലൈ (H.S.)
ദേശീയ ഗീതത്തെ അവഹേളിക്കുന്നത് തടയുന്നതിനുള്ള ബില്‍ 2026 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരികെ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിയോജിപ്പുമായി ജോണ്‍ ബ്രിട്ടാസ് എംപി . ദേശീയ ഗാനവും ദേശീയ ഗീതവും തമ്മിലുള്ള ഭരണഘടനാപരമായ വ്യത്യാസങ്ങളെ തകിടം മറിക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാജ്യസ്‌നേഹം നിയമപരമായ നിര്‍ബന്ധങ്ങളിലൂടെയല്ല മറിച്ച് സ്വമേധയാ ഉള്ള ആദരവിലൂടെയാണ് വളര്‍ത്തേണ്ടതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ ബില്ലില്‍, 1971-ലെ യഥാര്‍ത്ഥ നിയമത്തിലെ സെക്ഷന്‍ 3 ഭേദഗതി ചെയ്യാനാണ് നിര്‍ദ്ദേശമുള്ളത്. ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് ബോധപൂര്‍വ്വം തടസ്സപ്പെടുത്തുകയോ തടസ്സമുണ്ടാക്കുകയോ ചെയ്യുന്ന പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമാക്കാനും ഇതിന് കടുത്ത ശിക്ഷ ഉറപ്പാക്കാനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് പൌരന്മാരുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജോണ്‍ ബ്രിട്ടാസ് വാദിക്കുന്നു.
ദേശീയ പ്രസ്ഥാനത്തില്‍ വന്ദേമാതരത്തിനുള്ള ചരിത്രപരമായ പങ്കിനെ ആദരിക്കുമ്പോള്‍ തന്നെ, ഭരണഘടനാ ശില്പികള്‍ രണ്ട് ഗീതങ്ങള്‍ക്കും വ്യത്യസ്ത പദവികളാണ് നല്‍കിയതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 1950 ജനുവരി 24-ലെ ഭരണഘടനാ അസംബ്ലി നടപടികള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് വന്ദേമാതരത്തെ ജനഗണമനയ്ക്ക് ഒപ്പമായി ആദരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് ഒരു ഔദ്യോഗിക ഭരണഘടനാ പ്രമേയമായി മാറ്റിയിരുന്നില്ല. 1971-ല്‍ പാര്‍ലമെന്റ് നിയമം നിര്‍മ്മിച്ചപ്പോഴും ശിക്ഷാനടപടികള്‍ ദേശീയഗാനത്തിന് മാത്രമായി പരിമിതപ്പെടുത്തിയത് ഈ ബോധ്യത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21, 25, 29 എന്നിവ ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പൌരസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് ഈ ഭേദഗതിയെന്ന് കത്തില്‍ പറയുന്നു. പൗരന്റെ മൗലിക കര്‍ത്തവ്യങ്ങള്‍ വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 51A(a)യില്‍ ഭരണഘടനയെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും കുറിച്ച് മാത്രമാണ് പരാമര്‍ശമുള്ളത്. സ്‌കൂളുകളില്‍ ദേശീയഗാനം നിര്‍ബന്ധപൂര്‍വ്വം പാടിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതിയുടെ ചരിത്രപരമായ 'ബിജോയ് ഇമ്മാനുവല്‍ വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള' (1986) വിധിന്യായവും ജോണ്‍ ബ്രിട്ടാസ് കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ ഇത്തരമൊരു ക്രിമിനല്‍ നിയമം കൊണ്ടുവരേണ്ട സാഹചര്യമോ നിയമപരമായ ശൂന്യതയോ ഇല്ലെന്നും, രാജ്യത്തെ ബഹുസ്വരതയെ തകര്‍ക്കുന്ന ഈ ബില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S