'പെഗ്ഗടിക്കാൻ വന്നതാ, ചീത്തവിളിച്ചപ്പോൾ പെട്രോളൊഴിച്ച് കത്തിച്ചു'; വെമ്പായം ബാർ അക്രമത്തിൽ പ്രതി അനീഷിന്റെ കുറ്റസമ്മത ദൃശ്യങ്ങൾ പുറത്ത്
Thiruvananthapuram , 20 ജൂലൈ (H.S.) തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി അനീഷ്. ശരീരമാസകലം കടുത്ത പൊള്ളലേറ്റ നിലയിലും യാതൊരുവിധ കൂസലു
'പെഗ്ഗടിക്കാൻ വന്നതാ, ചീത്തവിളിച്ചപ്പോൾ പെട്രോളൊഴിച്ച് കത്തിച്ചു'; വെമ്പായം ബാർ അക്രമത്തിൽ പ്രതി അനീഷിന്റെ കുറ്റസമ്മത ദൃശ്യങ്ങൾ പുറത്ത്


Thiruvananthapuram , 20 ജൂലൈ (H.S.)

തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി അനീഷ്. ശരീരമാസകലം കടുത്ത പൊള്ളലേറ്റ നിലയിലും യാതൊരുവിധ കൂസലുമില്ലാതെ പ്രതി കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു പ്രാദേശിക ഓൺലൈൻ ചാനൽ പുറത്തുവിട്ട വീഡിയോയിലാണ് അമിത മദ്യലഹരിയിലായിരുന്ന പ്രതി, താൻ ചെയ്ത ക്രൂരത ബാർ ജീവനക്കാരോട് വിസ്തരിക്കുന്നത്.

കൈകാലുകളിലും ശരീരത്തിന്റെ പിൻഭാഗത്തുമെല്ലാം ഗുരുതരമായി തൊള്ളലേറ്റ നിലയിലായിരുന്നു അനീഷ് സംസാരിച്ചത്. താൻ വെറും ഒരു പെഗ് മദ്യപിക്കാൻ മാത്രമാണ് ബാറിലെത്തിയതെന്നും അവിടെയുണ്ടായിരുന്നയാൾ തന്നെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തതിനാലാണ് പെട്രോൾ വാങ്ങി വന്ന് കത്തിച്ചതെന്നുമാണ് അനീഷ് പറയുന്നത്.

പ്രതിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവൻ എന്നെ ചീത്തവിളിച്ചു, അടിച്ചു. ഉടനെ ഞാൻ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് കത്തിച്ചു. അവൻ ഓടി രക്ഷപ്പെട്ടു. അവൻ കത്തിയോ എന്ന് എനിക്കറിയില്ല. ഞാൻ വേറൊന്നും ചെയ്തിട്ടില്ല. അതിന് മുമ്പേ ഞാൻ വീണു. ചുമ്മാ എന്റെ കവാലത്തടിച്ചു (കവിളത്തടിച്ചു). അവനെ മുൻപരിചയമില്ല.

തർക്കവും തീപിടുത്തവും: ഒരാൾ മരിച്ചു

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് വെമ്പായം ശ്രീവത്സം ബാറിലെ എസി മുറിയിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് തേക്കട സ്വദേശിയായ നവാസ് എന്നയാൾ അനീഷിന്റെ മുഖത്തടിക്കുകയായിരുന്നു. ഇതിൽ കടുത്ത പ്രകോപിതനായ അനീഷ് ഉടൻ തന്നെ പുറത്തുപോയി അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും കന്നാസിൽ പെട്രോൾ വാങ്ങിക്കൊണ്ട് തിരികെയെത്തി.

ബാറിലേക്ക് പെട്രോളുമായി കയറിവരുന്നതിനിടെ മദ്യലഹരിയിലായിരുന്ന അനീഷ് പലതവണ തെന്നിവീഴുകയും ഇയാളുടെ ശരീരത്തിലേക്ക് വൻതോതിൽ പെട്രോൾ പടരുകയും ചെയ്തിരുന്നു. തുടർന്ന് എസി മുറിയിലുണ്ടായിരുന്ന നവാസിന്റെയും മറ്റുള്ളവരുടെയും ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ ദേഹത്തേക്കും തീപടരുകയും ശരീരം പൂർണ്ണമായും തീഗോളമായി മാറുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് പിന്നീട് മരണത്തിന് കീഴടങ്ങി.

പ്രതിയുടെ നില ഗുരുതരം; വധശ്രമത്തിന് കേസ്

തീ കൊളുത്തിയ പ്രതി അനീഷിന് എൺപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നവാസും അനീഷും ഉൾപ്പെടെ ആകെ ഏഴ് പേർക്കാണ് സംഭവത്തിൽ പൊള്ളലേറ്റത്. ബാറിലെ സോഫയിലേക്കും ഫർണിച്ചറുകളിലേക്കും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും കെടുത്തിയത്.

സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച വെഞ്ഞാറമൂട് പോലീസ് പ്രതിയായ അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റ് നേരിട്ടെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിസ്സാരമായ ഒരു തർക്കത്തിന്റെ പേരിൽ പെട്രോളൊഴിച്ച് മനുഷ്യനെ കത്തിക്കാൻ തുനിഞ്ഞ പ്രതിയുടെ ക്രൂരതയുടെ ആഘാതത്തിലാണ് വെമ്പായം പ്രദേശം.

---------------

Hindusthan Samachar / Roshith K


Latest News