Enter your Email Address to subscribe to our newsletters

Newdelhi , 21 ജൂലൈ (H.S.)
ന്യൂഡൽഹി: തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' പാർലമെന്റ് മാർച്ചിനിടെ കനത്ത സംഘർഷം. മാർച്ച് തടയാൻ ശ്രമിച്ച സുരക്ഷാ സേനയുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതിനെ തുടർന്ന് നൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്കും അർദ്ധസൈനിക വിഭാഗാംഗങ്ങൾക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ പത്തിലധികം ഐപിഎസ്, ഡാനിപ്സ് (DANIPS) റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന് ഡൽഹി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കൈകാലുകൾക്ക് അസ്ഥിഭംഗം (Fracture) ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പല ഉദ്യോഗസ്ഥരെയും നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് വിവരങ്ങൾ നൽകുന്നത്.
15-ഓളം പോലീസ് വാഹനങ്ങൾ തകർത്തു; കേസ് രേഖപ്പെടുത്തി
പാർലമെന്റിലേക്ക് മാർച്ച് നടത്താൻ തുനിഞ്ഞ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെയാണ് സ്ഥിതിഗതികൾ കൈവിട്ടുപോയത്. പ്രകോപിതരായ സമരക്കാർ പോലീസിന് നേരെ തിരിയുകയും കണ്ണിൽക്കണ്ടതെല്ലാം തക്ര്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിന്റെ 15 മുതൽ 20 വരെ വാഹനങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങൾ തകർക്കുന്നതിന്റെയും പോലീസുമായി ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയുടെ സത്യസന്ധത പോലീസ് പരിശോധിച്ച് വരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 70 ഓളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളവർ വിദ്യാർത്ഥികളല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ വ്യക്തിഗത വിവരങ്ങളും മുൻകാല പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
സുരക്ഷ ശക്തമാക്കി; കർശന മുന്നറിയിപ്പുമായി പോലീസ്
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹി, ഇന്നർ സർക്കിൾ, കണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പോലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും കനത്ത ജാഗ്രത തുടരുകയാണ്. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ എത്തിയവരെ സുരക്ഷിതമായി ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടേക്കും.
പ്രതിഷേധക്കാർ ക്രമസമാധാനം പാലിക്കണമെന്നും വ്യാജവാർത്തകളിലും കിംവദന്തികളിലും വിശ്വസിച്ച് അക്രമത്തിലേക്ക് കടക്കരുതെന്നും ഡൽഹി പോലീസ് ആഹ്വാനം ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെയും നിയമം കയ്യിലെടുത്തവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / Roshith K