അന്താരാഷ്ട്ര തലത്തിൽ ഫൈറ്റർ ഡ്രഗ് എന്നറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നായ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച വൻ മാഫിയ ശൃംഖലയെ സി.ബി.എൻ തകർത്തു.
Ernakulam , 21 ജൂലൈ (H.S.) അന്താരാഷ്ട്ര തലത്തിൽ ഫൈറ്റർ ഡ്രഗ് എന്നറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നായ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച വൻ മാഫിയ ശൃംഖലയെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (സി.ബി.എൻ) തകർത്തു. ഓപ്പറേഷൻ വജ്ര എന്ന് പേരിട്ട ദൗത്യത്തിലൂടെ
Central beuro of narcotics


Ernakulam , 21 ജൂലൈ (H.S.)

അന്താരാഷ്ട്ര തലത്തിൽ ഫൈറ്റർ ഡ്രഗ് എന്നറിയപ്പെടുന്ന അതിതീവ്ര ലഹരിമരുന്നായ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച വൻ മാഫിയ ശൃംഖലയെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (സി.ബി.എൻ) തകർത്തു. ഓപ്പറേഷൻ വജ്ര എന്ന് പേരിട്ട ദൗത്യത്തിലൂടെ ഡൽഹിയിലെ ഗോഡൗണിൽ നിന്ന് 12 കോടി ഗുളികകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.

അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ 1000 കോടി രൂപയിലധികം വിലമതിക്കുന്ന 30 മെട്രിക് ടൺ ഭാരമുള്ള ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് (250 മില്ലിഗ്രാം) ഗുളികകളാണ് കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്തത്. ലഹരി കടത്ത് സംഘത്തിലെ പ്രധാനികളായ തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ ഞായറാഴ്ച കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും സി.ബി.എന്നും ചേർന്ന് പിടികൂടിയത്. കേസിൽ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽ.എൽ.പി) കമ്പനിയുടെ ഡയറക്ടറെ എൻ.ഡി.പി.എസ് നിയമപ്രകാരം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ വിലാസത്തിൽ കടത്ത്

ഡൽഹിയിലെ ഒരു ഗോഡൗണിൽ നിന്നാണ് ഉദ്യോഗസ്ഥ സംഘം ഈ വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യാനെന്ന വ്യാജേനയാണ് ഈ വലിയ ശേഖരം ഗോഡൗണിൽ എത്തിച്ചിരുന്നത്. എന്നാൽ, വൻ സംഘർഷവും ആഭ്യന്തര യുദ്ധവും തുടരുന്ന ലിബിയയിലേക്ക് ഇത് നിയമവിരുദ്ധമായി വഴിതിരിച്ചുവിടാനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

സി.ബി.എന്നിൻ്റെ മുൻകരുതൽ പരിശോധനാ സംവിധാനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇൻ്റർനാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബോർഡുമായും (ഐ.എൻ.സി.ബി) ഗിനിയ-ബിസാവു അധികൃതരുമായും ബന്ധപ്പെട്ടപ്പോഴാണ് കയറ്റുമതി വിലാസമടക്കം വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് ചരക്ക് പിടികൂടുന്നതും കൊച്ചി ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മലയാളി സൂത്രധാരന്മാരിലേക്ക് ഏജൻസികൾ എത്തുന്നതും.

എന്താണ് ഫൈറ്റർ ഡ്രഗ്?

കൃത്യമായ അളവിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം നൽകുന്ന നിയന്ത്രിത വേദനസംഹാരിയാണ് ട്രമഡോൾ. എന്നാൽ ഉയർന്ന ശേഷിയുള്ള ഇത്തരം ഡോസുകൾ സംഘർഷമേഖലകളിൽ വ്യാപകമായി ഉത്തേജനത്തിനും ലഹരിക്കുമായി ദുരുപയോഗം ചെയ്യുന്നതിനാലാണ് ഇവ ഫൈറ്റർ ഡ്രഗ് എന്ന് അറിയപ്പെടുന്നത്. ഗ്വാളിയോറിലെ സി.ബി.എൻ പ്രിവൻ്റീവ് ടീമുകളുടെ നേതൃത്വത്തിൽ ബംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി നടന്ന പരിശോധനകൾക്ക് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ), കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം എന്നിവയുടെ പൂർണ പിന്തുണയുണ്ടായിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ നശാ മുക്ത് ഭാരത് (ലഹരിമുക്ത ഭാരതം) ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര ലഹരി ശൃംഖലകളെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായാണ് ഈ ദൗത്യം നടത്തിയത്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് അറിയിച്ചു. രാജ്യത്തെ ലഹരി മാഫിയകൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News