രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്പേഴ്സണ് ദിയ ബിനു പുറത്തേക്ക്;
Kottayam , 21 ജൂലൈ (H.S.) രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയുടെ അധികാരം നഷ്ടമായി. കോട്ടയം പാലാ നഗരസഭയില് യുഡിഎഫ് പിന്തുണയോടെ അധികാരത്തിലേറിയ ദിയ പുളിക്കക്കണ്ടതിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മയുടെ ഭരണസമിതിക്കെതിരെ ഇടതുമുന്നണി
Diya Binu Pulikkandam


Kottayam , 21 ജൂലൈ (H.S.)

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയുടെ അധികാരം നഷ്ടമായി. കോട്ടയം പാലാ നഗരസഭയില് യുഡിഎഫ് പിന്തുണയോടെ അധികാരത്തിലേറിയ ദിയ പുളിക്കക്കണ്ടതിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മയുടെ ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയമാണ് പാസായത്. ഇടതു മുന്നണിക്ക് അനുകൂലമായി പതിനേഴ് പേര് വോട്ടു ചെയ്തു. ഇതോടെ പാലയില് മാസങ്ങളായി അരങ്ങേറിയിരുന്ന രാഷ്ട്രീയ നാടകത്തിന് തിരശീല വീണിരിക്കുകയാണ്.

വിപ്പ് ലംഘിച്ച് വൈസ് ചെയര്പേഴ്സണ് മായാരാഹുല് അടക്കം നാല് കോണ്ഗ്രസ് അംഗങ്ങള് ഇടതു പ്രമേയത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. അതേസമയം വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും കൈപ്പറ്റാത്ത വിപ്പ് എങ്ങനെ ലംഘിച്ചു എന്ന് പറയാനാകുമെന്നും കൗണ്സിലര് ടോണി തൈപ്പറമ്പില് പ്രതികരിച്ചു. കാലം കാത്തുവച്ച കാവ്യ നീതിയാണെന്നും കൗണ്സിലര്മാര് പ്രതികരിച്ചു. കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഒരു അവിശുദ്ധ മുന്നണിയാണ് ഇവിടെ ഭരിച്ച് കൊണ്ടിരുന്നതെന്നും അവര് പറഞ്ഞു. കോണ്ഗ്രസ് തന്നെയാകും ഇവിടെ ഭരിക്കുക. ജോസഫ് ഗ്രൂപ്പ് കൂടി തീരുമാനം പറയട്ടെ എന്നും ടോണി പറഞ്ഞു.

ജനാധിപത്യ വിധി അംഗീകരിക്കുന്നുവെന്ന് ദിയ പുളിക്കക്കണ്ടം പ്രതികരിച്ചു. തനിക്കെതിരെ കൊണ്ടു വന്ന ആരോപണങ്ങള് ഒന്നും തെളിയിക്കാന് ആര്ക്കും ആയിട്ടില്ല. പദവികള് വരും പോകും. സത്യസന്ധമായ പൊതുപ്രവര്ത്തനത്തിലൂടെ മുന്നോട്ട് പോകുമെന്നും ദിയ പറഞ്ഞു.

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു.

അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ *അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്.ചെയർപേഴ്സൺ എന്ന നിലയിൽ ചുമതലയേറ്റ ആദ്യ ദിവസം മുതൽ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരേയൊരു വിശ്വാസം ഇതായിരുന്നു — *പൊതുപദവി ഒരു അധികാരമല്ല; ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്തമാണ്.എന്റെ ഓരോ തീരുമാനവും നിയമത്തിന്റെയും സുതാര്യതയുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. എല്ലാ തീരുമാനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ ജനപ്രിയമായ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിച്ചത്.ഈ അവസരത്തിൽ നഗരസഭയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവരുടെ ആത്മാർത്ഥ സേവനമാണ് നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത്. അതോടൊപ്പം, എല്ലാ പ്രതിസന്ധികളിലും എന്നിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന സഹപ്രവർത്തകരായ കൗൺസിലർമാർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.പാലായിലെ ജനങ്ങളോട് എനിക്ക് ഉറപ്പോടെ പറയാനുള്ളത് ഇത്രമാത്രമാണ്:* *ഞാൻ അഴിമതിക്ക് വഴങ്ങിയിട്ടില്ല.** *ഞാൻ നിയമം ലംഘിച്ചിട്ടില്ല.** *പൊതുപണത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിനിയോഗിച്ചിട്ടില്ല.** *ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.*ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ എടുത്ത തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്ന നിലയിൽ എന്റെ പൊതുപ്രവർത്തനം തുടരും. *സത്യസന്ധത, സുതാര്യത, നിയമവാഴ്ച, ജനങ്ങളുടെ താൽപര്യം* എന്നീ മൂല്യങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.പൊതുജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ യുവാവിനും യുവതിക്കും ഞാൻ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു.*പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല; മൂല്യങ്ങളാണ്.**പദവികൾ താൽക്കാലികമാണ്. മൂല്യങ്ങൾ ശാശ്വതമാണ്.*ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിൽ പൊതുപദവിയെ ഞാൻ ഒരിക്കലും അധികാരമായി കണ്ടിട്ടില്ല. അത് ജനങ്ങൾ എന്നെ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്തമായാണ് ഞാൻ കണ്ടത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് എന്റെ ഓരോ ചുവടും.ഈ ഹ്രസ്വകാല സേവനത്തിനിടെ എനിക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ പാലായിലെ ജനങ്ങൾക്കും, ഗുരുതുല്യരായ മുതിർന്ന നേതാക്കൾക്കും, നഗരസഭാ ജീവനക്കാർക്കും, മാധ്യമ സുഹൃത്തുകൾക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.*പാലായുടെ വികസനം ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല. അത് നമ്മുടെ നാടിന്റെ പൊതുതാൽപര്യമാണ്.*പദവികൾ വരും, പോകും. എന്നാൽ *സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്.* ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് ഞാൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുക. എന്നും ദിയ പറഞ്ഞു

26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, നാല് കോൺഗ്രസ് അംഗങ്ങൾ, ഒരു സ്വതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയ ദിയ ബിനു പുളിക്കകണ്ടം പുറത്തായി.

ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിച്ചില്ല. അതേസമയം, ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News