കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Eranakulam , 21 ജൂലൈ (H.S.) കുംഭമേളയിലെ തെരുവോരങ്ങളിൽ രുദ്രാക്ഷം വിറ്റ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആ പെൺകുട്ടി വീണ്ടും വാർത്തകളിൽ നിറയുന്നു. ഒളിച്ചോട്ടവും വിവാദ വിവാഹവും നിയമക്കുരുക്കുകളുമായി നാടുവിട്ട വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷ
KUMBH VIRAL GIRL MONALISA


Eranakulam , 21 ജൂലൈ (H.S.)

കുംഭമേളയിലെ തെരുവോരങ്ങളിൽ രുദ്രാക്ഷം വിറ്റ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആ പെൺകുട്ടി വീണ്ടും വാർത്തകളിൽ നിറയുന്നു. ഒളിച്ചോട്ടവും വിവാദ വിവാഹവും നിയമക്കുരുക്കുകളുമായി നാടുവിട്ട വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. സംരക്ഷണം നൽകാൻ പാലാരിവട്ടം പൊലീസിനാണ് കോടതി കർശന നിർദേശം നൽകിയത്. വിഷയത്തിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. പെൺകുട്ടി നൽകിയ പുതിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി.

നേരത്തെ ഇവർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് ഉത്തരവ് വാങ്ങിയ ശേഷം വിവരങ്ങൾ തേടാനായി ബന്ധപ്പെടുമ്പോൾ പെൺകുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യം പതിവാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. നൽകിയിട്ടുള്ള മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ഇവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ജൂൺ 19നാണ് സംരക്ഷണം നൽകാൻ കോടതി ആദ്യം ഇടക്കാല ഉത്തരവിറക്കിയിരുന്നത്. എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

വിവാദങ്ങളുടെ തുടക്കം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാരോപിച്ച് ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനുപിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയത്. മിശ്രവിവാഹിതരായ തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പുതിയ പരാതി നൽകിയിരുന്നു. തൻ്റെ പാസ്പോർട്ടും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും പിതാവ് തട്ടിയെടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മധ്യപ്രദേശിലെ കോടതിയിൽ പ്രായം തെളിയിക്കുന്നതിനായി പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി നൽകിയത്. പുതിയ ഹർജിയിലെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പാലാരിവട്ടം പൊലീസിനോട് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News