രാഹുല്ഗാന്ധിക്ക് എതിരെയുള്ള പൊലീസ് ആക്രമണം ഫാസിസ്റ്റ് ഭീകരത: രമേശ് ചെന്നിത്തല
Thiruvanathapuram, 21 ജൂലൈ (H.S.) തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും മല്ലികാര്‍ജ്ജുനഖാര്‍ഗെയും കെ സി വേണുഗോപാല്‍ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച
Ramesh chennithala


Thiruvanathapuram, 21 ജൂലൈ (H.S.)

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും മല്ലികാര്‍ജ്ജുനഖാര്‍ഗെയും കെ സി വേണുഗോപാല്‍ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചഴക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . ലോക്സഭയിലെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴക്കുകയും പ്രിയങ്കാഗാന്ധിയെ പുരുഷപോലീസുകാര്‍ പിടിച്ചുവലിക്കുകയും ചെയ്തു. ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയും, ജനപ്രതിനിധികളെയും ക്രൂരമായി മര്‍ദ്ധിക്കുകയാണുണ്ടായത്. ഇന്ത്യയിലെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമര്‍ത്തലാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുണ്ടായത്. കടുത്ത ജനാധിപത്യ ധ്വംസനവും, ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്.

നീറ്റ് പരീക്ഷാക്രമക്കേടിലും, രാജ്യത്താകമാനമുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ഇന്ത്യയിലെ യുവജനങ്ങള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധസമരങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് രംഗത്തുവന്നതോടെ മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് രാജിവക്കേണ്ട അവസ്ഥ സംജാതമായി . ഇതോടെയാണ് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. ഇന്ത്യയുടെ പ്രതിപക്ഷ നിരയെ ഒന്നാകെ ജയിലിലാക്കിയാല്‍ സമരത്തെ അടിച്ചമര്‍ത്താമെന്ന് മോദി സര്‍ക്കാര്‍ വ്യാമോഹിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഇന്ത്യന്‍ യുവതയുടെ ഈ മുന്നേറ്റം മോദി -ബിജെപി സര്‍ക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പോലീസ് നടപടി ഉണ്ടായത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ ഡല്‍ഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്‌സും ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലേക്കു മാറിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ക്കു നേരേ പൊലീസ് ബലപ്രയോഗം നടത്തിയത്. രാത്രിയിലും സമരം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോഴാണ് പൊലീസ് നേതാക്കളെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമം ആരംഭിച്ചത്.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ നേരത്തേ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത്തരത്തില്‍ എംപിമാരെ തുടര്‍ന്നും ബലം പ്രയോഗിച്ചാല്‍ പ്രശ്‌നമാവുമെന്ന തിരിച്ചറിവില്‍ പൊലീസ് അനുരഞ്ജന നീക്കം നടത്തിയെങ്കിലും സമരം തുടര്‍ന്നതോടെ വീണ്ടും ബലപ്രയോഗം നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് പ്രതിപക്ഷ നേതാക്കളുമായി അനുനയ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വഴങ്ങിയില്ല. ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തി. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരെയും മുഴുവന്‍ എംപിമാരെയും അണിനിരത്തിയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

---------------

Hindusthan Samachar / Sreejith S


Latest News