യുക്രെയ്നിൽ കപ്പൽ ആക്രമണത്തിൽ മരിച്ച അഖിൽ ജോയൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് കലക്ടർ
Kasaragod , 21 ജൂലൈ (H.S.) യുക്രെയ്നിൽ കപ്പൽ ആക്രമണത്തിൽ മരിച്ച മലയാളിയും കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയുമായ അഖിലിൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. മൃതദേഹം അഖിലിൻ്റെ ആണെന്ന് സ്ഥിര
Ship attack


Kasaragod , 21 ജൂലൈ (H.S.)

യുക്രെയ്നിൽ കപ്പൽ ആക്രമണത്തിൽ മരിച്ച മലയാളിയും കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയുമായ അഖിലിൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. മൃതദേഹം അഖിലിൻ്റെ ആണെന്ന് സ്ഥിരീകരിച്ച് സർക്കാരിന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. വിദേശകാര്യമന്ത്രാലയവും നോർക്കയുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അഖിലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടലുകൾ നടത്തും. മൃതദേഹം നാട്ടിലെത്തിക്കാനുളളത് ഉൾപ്പെടെയുള്ള മുഴുവൻ സംസ്കാര ചെലവുകളും സർക്കാർ തന്നെ വഹിക്കും. വിമാനമാർഗം നാട്ടിലെത്തിക്കും.

യുദ്ധത്തിനിടയിലുള്ള മരണമായതുകൊണ്ട് ചില സാങ്കേതിക താമസങ്ങൾ ഉണ്ട്. സാധാരണ 14 ദിവസം എടുക്കാറുണ്ട്. എന്നാൽ അഖിലിൻ്റെ കാര്യത്തിൽ എത്ര പെട്ടെന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വിദേശകാര്യമന്ത്രാലയമായി ബന്ധപ്പെട്ട് ലഭിക്കുന്ന മുഴുവൻ വിവരങ്ങളും കുടുംബവുമായി കൈമാറുമെന്നും കലക്ടർ വ്യക്തമാക്കി.

അഖിൽ ജോയൻ്റെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കാനുള്ള നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കമ്പനിയിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും അഖിലിൻ്റെ പിതാവ് ജോയൻ പറഞ്ഞു. ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് അഖിൽ നാട്ടിൽ നിന്നും മടങ്ങിയത്. മൃതദേഹം എത്രയും വേഗത്തിൽ എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി വിളിച്ചപ്പോൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ഉടൻ ഫോൺ കട്ട് ആയി. പിന്നെ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ആണ് ദുരന്ത വിവരം കമ്പനി അറിയിച്ചത്. പിന്നെ വിവരം ഒന്നും ഉണ്ടായിട്ടില്ലെന്നും ജോയൻ പറഞ്ഞു.

യുക്രെയ്ൻ കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്ത് വന്ന ഉടന്തന്നെ വിവരങ്ങൾ തേടാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന് നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ യുക്രെയ്ന് സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. ജൂലൈ 20ന് ശേഷം കരിങ്കടലിൽ ഏഴ് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News