യുക്രെയ്ൻ തീരത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം.
Kasaragod , 21 ജൂലൈ (H.S.) പ്രിയപ്പെട്ടവൻ്റെ കൈപിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ കൊതിച്ചവളുടെ സ്വപ്നങ്ങൾ കരിങ്കടലിൻ്റെ ആഴങ്ങളിൽ എരിഞ്ഞടങ്ങി. യുക്രെയ്ൻ തീരത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിന് ദാരു
RUSSIAN ATTACK ON CARGO SHIP ODESA


Kasaragod , 21 ജൂലൈ (H.S.)

പ്രിയപ്പെട്ടവൻ്റെ കൈപിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ കൊതിച്ചവളുടെ സ്വപ്നങ്ങൾ കരിങ്കടലിൻ്റെ ആഴങ്ങളിൽ എരിഞ്ഞടങ്ങി. യുക്രെയ്ൻ തീരത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അവധിക്ക് നാട്ടിലെത്തി വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ അഖിൽ ജോയൻ്റെ വിയോഗവാർത്തയുടെ നടുക്കത്തിലാണ് നാടും കുടുംബവും.

കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ അഖിൽ വിവാഹനിശ്ചയത്തിന് ശേഷമാണ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. അടുത്ത വരവിൽ വിവാഹം നടത്താനായിരുന്നു ഇരുകുടുംബങ്ങളുടെയും തീരുമാനം. വിവാഹനിശ്ചയത്തിൻ്റെ മനോഹരമായ ചിത്രങ്ങളും ചടങ്ങുകളുടെ വിശേഷങ്ങളും അഖിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, റഷ്യ നടത്തിയ മിസൈൽ ആക്രമണം ഇവരുടെ മോഹങ്ങളെല്ലാം തച്ചുടച്ചു. വെള്ളരിക്കുണ്ട് എകെജി നഗറിലെ വാലിപ്ലാക്കൽ ജോയൻ്റെയും സാലിയുടെയും ഏക മകനാണ് 26കാരനായ അഖിൽ. ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ് പിതാവ് ജോയൻ. മാതാവ് സാലി പോസ്റ്റൽ വകുപ്പിലെ ജീവനക്കാരിയാണ്. കഴിഞ്ഞ ആറ് വർഷമായി മർച്ചൻ്റ് നേവിയിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ.

നഷ്ടമായത് ഒരു കമ്പവലി താരത്തെക്കൂടിഅഖിൽ ജോയൻ്റെ മരണം കുടുംബത്തെ മാത്രമല്ല, നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. മർച്ചൻ്റ് നേവിയിൽ ചേരും മുൻപേ കായികരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന അഖിൽ വലിയൊരു കമ്പവലി ഭ്രമക്കാരനായിരുന്നു. മികച്ചൊരു കമ്പവലി താരമായ അഖിൽ, കേരളത്തിൽ എവിടെ മത്സരം നടന്നാലും സുഹൃത്തുക്കൾക്കൊപ്പം ഇരുചക്രവാഹനത്തിൽ കളി കാണാൻ പോകുമായിരുന്നു. കമ്പവലിയിൽ മുൻനിര വലിക്കാരൻ കൂടിയായിരുന്നു ഈ യുവാവ്. റോപ്പ് പുള്ളിങ്ങിൽ ലോക റെക്കോഡും അഖിൽ സ്വന്തമാക്കിയിട്ടുണ്ട്. 30 സെക്കൻഡിൽ ഏറ്റവും കൂടുതൽ റോപ്പ് പുൾ-അപ്പുകൾ എടുത്താണ് റെക്കോഡ് നേടിയത്. വെള്ളരിക്കുണ്ടിൽ വിപുലമായ സൗഹൃദബന്ധമാണ് അഖിലിനുള്ളത്. അതുകൊണ്ടുതന്നെ ഈ യുവാവിൻ്റെ വേർപാട് ഇതുവരെയും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ചരക്കുകപ്പലിന് നേരെയുള്ള ആക്രമണം

ഇന്ത്യ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങൾ സഞ്ചരിച്ച എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയാണ് യുക്രെയ്നിലെ ഒഡേസ തീരത്തുവച്ച് റഷ്യയുടെ ആക്രമണമുണ്ടായത്. ഭക്ഷ്യധാന്യങ്ങൾ നിറച്ച ഗിനിയ-ബിസാവു പതാകയുള്ള കപ്പലാണിത്. മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിങ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള കപ്പൽ ഒഡേസ തുറമുഖത്തുനിന്ന് ചോളം കയറ്റി പുറപ്പെട്ടതിന് പിന്നാലെ റഷ്യൻ യുദ്ധവിമാനങ്ങൾ മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു. ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാല് പേർ ഇന്ത്യക്കാരാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ യുക്രെയ്നിലെ ഹാർബർ പൈലറ്റായിരുന്നു. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ട് പേരെ യുക്രെയ്നിയൻ നാവികസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിൻ്റെ ഉടമ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തുവിട്ടത്. തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചു നടത്തിയ പരിശോധനയിലാണ് മരണവിവരം സ്ഥിരീകരിക്കാനായത്.

റഷ്യൻ ആക്രമണത്തിൽ അഹമ്മദ് ഹമൂയ, സെബാസ്റ്റിൻ ബ്ലെസൺ, അബ്ദുൽ ഖാദർ, അൽ-തുർക്മാനി, ഹാദി ഹൈദർ, ഖാലിദ് ഖമൂസി, മുഹമ്മദ് യഹിയ അൽ-സലേക്, മുഹമ്മദ് മജീദ് അൽ-കുർദി, അബ്ദുല്ല റഹാൽ എന്നിവരാണ് രക്ഷപ്പെട്ടത്. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും നിരപരാധികളായ സാധാരണ ജീവനക്കാരെ അപകടപ്പെടുത്തുന്നതും നിന്ദ്യമാണെന്നും ഈ സംഭവം ഒഴിവാക്കേണ്ടതാണെന്നും ആക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ നോർക്കയുടെ നേതൃത്വത്തിൽ വിദേശകാര്യ മന്ത്രാലയവുമായും റഷ്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News