Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 ജൂലൈ (H.S.)
അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ഉപജീവനബത്ത, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവ നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ നിർവ്വചിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
കമുകിൻകോട് ഹയർസെക്കന്ററി സ്കൂളിലെ മലയാളം അദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. 2023 ജൂലൈ 13 ന് ഒരു വ്യാജപരാതിയുടെ അടിസ്ഥാനത്തിനൽ തന്നെ സസ്പെന്റ് ചെയ്തെന്നും 2024 ഏപ്രിൽ 24 ന് സർവീസിൽ നിന്നും പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു. സസ്പെൻഷൻ കാലത്ത് ലഭിക്കേണ്ട ഉപജീവനബത്ത ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭിച്ചില്ലെന്നും പരാതിക്കാരി അറിയിച്ചു.
പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ് പ്രകാരം അവകാശപ്പെട്ട തുക ലഭിച്ചില്ലെന്ന പരാതി ജില്ലാ ലേബർ ഓഫീസർക്ക് നൽകണമെന്ന് കമ്മീഷൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകി. ഗ്രാറ്റുവിറ്റി നൽകിയതായി ഡി.എൽ.ഒ ഉറപ്പാക്കണം. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ ഗ്രാറ്റുവിറ്റി കൺട്രോളിംഗ് അതോറിറ്റിക്ക് പരാതി നൽകണം. സെൻട്രൽ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്റ്റ് പ്രകാരമുള്ള തുക പരാതിക്കാരിക്ക് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
പരാതിക്കാരി ജോലി ചെയ്തിരുന്നത് അൺഎയ്ഡഡ് സ്കൂ ളിലാണെന്ന കാരണത്താൽ അവർ സസ്പെൻഷനിലായിരുന്ന കാലയളവിൽ ലഭിക്കേണ്ടിയിരുന്ന ഉപജീവനബത്ത നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. സസ്പെൻഷനിലായ കാലം മുതൽ ജോലിയിൽ നിന്നും നീക്കം ചെയ്ത കാലം വരെ ഉപജീവനബത്ത ലഭിക്കാൻ നിയമപരമായ അർഹതയുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി.
പരാതിക്കാരി പ്രൊവിഡന്റ് ഫണ്ട് തുകയ്ക്ക് അർഹയാണെന്ന് തെളിഞ്ഞാൽ സ്കൂൾ മാനേജ്മെന്റിൽ നിന്നും തുക ലഭ്യമാക്കാൻ പിഎഫ് കമ്മീഷണർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR