Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ജൂലൈ (H.S.)
രുവനന്തപുരം: സംസ്ഥാനത്ത് എ ഐ (കൃത്രിമബുദ്ധി) ക്യാമറകൾ ഉപയോഗിച്ചുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കൽ നടപടികളും തടസ്സമില്ലാതെ തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. നിലവിൽ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും അത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ മുതിരരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗത സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് എ ഐ ക്യാമറ സംവിധാനം സംസ്ഥാനത്തുടനീളം നടപ്പിലാക്കിയത്. ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ധാരണയിൽ ഡ്രൈവർമാർ നിയമലംഘനങ്ങൾ നടത്തിയാൽ അത് കൃത്യമായി സിസ്റ്റത്തിൽ പതിയുകയും നിയമപരമായ പിഴയും മറ്റ് നടപടികളും നേരിടേണ്ടി വരികയും ചെയ്യും.
അതേസമയം, ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ സാങ്കേതിക തകരാറുകൾ മൂലം പ്രവർത്തനം നിലച്ചിട്ടുള്ളതായി മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കാത്ത ക്യാമറകൾ അടിയന്തരമായി നന്നാക്കുകയോ അല്ലെങ്കിൽ പുതിയവ മാറ്റിസ്ഥാപിക്കുകയോ ചെയ്യണോ എന്ന കാര്യത്തിൽ വൈകാതെ തന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കൃത്യമായ നിരീക്ഷണ സംവിധാനം മുഴുവൻ സമയവും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും മന്ത്രി സി.പി. ജോൺ ശക്തമായ മുന്നറിയിപ്പ് നൽകി. ഗതാഗത വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഏതെങ്കിലും തരത്തിലുള്ള കൈക്കൂലിയോ വഴിവിട്ട ഇടപാടുകളോ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ ഉടനടി വകുപ്പുതല അച്ചടക്ക നടപടികളും അന്വേഷണവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K