Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 ജൂലൈ (H.S.)
ഏറ്റുമുട്ടലല്ല സഹജീവനമാണ്
മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരമെന്ന് മന്ത്രി ഷിബു ബേബിജോൺ. മനുഷ്യ- വന്യ ജീവി സംഘർഷത്തിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജഗതി ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച, വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി അധ്യക്ഷനായിരുന്നു.
വന്യജീവി ഭീഷണി ലഘൂകരിക്കാൻ
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കർമ്മ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വനാതിർത്തി പ്രദേശത്തെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻ ഒ സി നൽകുന്നതിലെ കാലതാമസം ഒഴിവാക്കും. മറ്റ് നിയമക്കുരുക്കുകൾ ഇല്ലെങ്കിൽ മൂന്നു മാസത്തിനകം ഉദ്യോഗസ്ഥൻ എൻഒസി നൽകിയിരിക്കണമെന്നും മനപ്പൂർവ്വം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നൽകി.
മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കും. സർക്കാരിൻ്റെ100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആഗസ്റ്റിലാണ് അദാലത്ത് സംഘടിപ്പിക്കുക. വനാതിർത്തി പ്രദേശവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌ക്കരിക്കും. വനവുമായി ബന്ധപ്പെട്ട നിസാര കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാനും അദാലത്ത് സംഘടിപ്പിക്കും.
നാടൻ കുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽ നിന്ന് ഷെഡ്യൂൾ രണ്ടിലേയ്ക്ക് മാറ്റുന്നതിനുള്ള നിയമ ഭേദഗതി കൊണ്ടുവരുന്ന വിഷയം കേന്ദ്ര വനം മന്ത്രി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വനാതിർത്തികളിലെ പല പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ പഞ്ചായത്തു പ്രസിഡൻ്റുമാർക്ക് ഹോണററി വൈൽഡ് ലൈഫ് വാർഡൻ സ്റ്റാറ്റസ് നൽകിയിട്ടുണ്ട്. അംഗീകൃത ഷൂട്ടർമാർ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് അനുമതി നൽകാം. ഷൂട്ടർമാരുടെ എണ്ണം കുറവാണെങ്കിൽ റൈഫിൾസ് ക്ലബുകളുടെ സേവനവും ഉപയോഗപ്പെടുത്താം.
മനുഷ്യ- വന്യജീവി സംഘർഷ സ്വഭാവം അടിസ്ഥാനമാക്കി വനാതിർത്തി പ്രദേശങ്ങളെ 12 ലാൻഡ്സ്കേപ്പുകളായി തിരിച്ച് തീവ്ര അപകട സാധ്യതാ പ്രദേശങ്ങൾ, ഉയർന്ന അപകട സാദ്ധ്യത പ്രദേശങ്ങൾ, മധ്യ തല അപകട സാധ്യത പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇവയിൽ ഹോട്ട് സ്പോട്ടുകൾ പ്രത്യേകം അടയാളപ്പെടുത്തി എ ഐ ഉപയോഗിച്ചുള്ള ശബ്ദ വെളിച്ച പ്രതിരോധ സംവിധാനം, തൂക്കുവേലി, വലിയ മതിലുകൾ എന്നിങ്ങനെ ത്രീ ടയർ പ്രതിരോധ മാർഗ്ഗം സ്വീകരിക്കും. കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വേലികളിൽ തേനീച്ചക്കൂടുകളും പരീക്ഷിക്കും.
വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ വനം വകുപ്പ് ഘട്ടംഘട്ടമായി സോളാർ ഫെൻസിംഗ് പൂർത്തിയാക്കും. ഇതിൻ്റെ പരിപാലനം പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും അതിനായി പ്രോജക്ടുകൾ പാസാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അധികമായി 25 റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കും. കൂടാതെ വനാതിർത്തി പ്രദേശങ്ങളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് അഞ്ച് പേരുടെ ഒരു സംഘം എന്ന കണക്കിൽ 100 റെസ്ക്യൂ സംഘങ്ങൾ രൂപീകരിക്കുന്നതിന് 500 പേരെ പുതുതായി നിയമിക്കും. ആദിവാസി യുവാക്കൾക്കും ഫോറസ്റ്റ് റാങ്ക് ലിസ്റ്റ് പട്ടികയിൽ ഇടം നേടി ജോലി ലഭിക്കാതെ പോയവരിൽ യോഗ്യതയുള്ള വർക്കും മുൻഗണന നൽകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക കർമ്മ പദ്ധതിയിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കൂടുതലായി ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു.
വനാതിർത്തികളിലെ പഞ്ചായത്തുകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൃത്യമായ ധാരണ ധ്രുതകർമ്മ സേനകൾക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വനം- വന്യ ജീവി സംഘർഷങ്ങളുടെ മറവിൽ മററു അനിഷ്ട സംഭവങ്ങളും നടക്കാം. ഈ മേഖലകൾ സംഘർഷ രഹിതമായി സഹവർത്തിത്വത്തിലാക്കുന്നതിന് ശാസ്ത്രീയ പഠനം ആവശ്യമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സഹകരവും മന്ത്രി ഉറപ്പു നൽകി.
തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി വിഷയാവതരണം നടത്തി. ബദൽവരുമാന മാർഗ്ഗങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങളിൽ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം, ഫലപ്രദമായ മാലിന്യസംസ്‌കരണംഅടിക്കാടുകൾ നീക്കം ചെയ്യൽ, മനുഷ്യ-വന്യജീവി സംഘർഷം വ്യാപകമായ പ്രദേശങ്ങളിൽ നിന്നും ചക്ക സംഭരിക്കുന്ന പദ്ധതി തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തേണ്ട
15 വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
---------------
Hindusthan Samachar / Sreejith S