Enter your Email Address to subscribe to our newsletters

Kochi, 21 ജൂലൈ (H.S.)
കൊച്ചി: മലയാള സിനിമാ മേഖലയെയും താരസംഘടനയായ 'അമ്മ'യെയും ഉലച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, സംഘടനയ്ക്കുള്ളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ‘പവർ ഗ്രൂപ്പി’നെതിരെ രൂക്ഷവിമർശനവുമായി ‘അമ്മ’ പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ. ആരോപണവിധേയരായ ഒരാളെപ്പോലും സംഘടനയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാൻ താൻ അനുവദിക്കില്ലെന്നും, നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും ശ്വേത തുറന്നടിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് താരസംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളിലും തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ-സാമ്പത്തിക ആരോപണങ്ങളിലും ശ്വേത മേനോൻ തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയത്.
പവർ ഗ്രൂപ്പിനെതിരെ പരസ്യപോര്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതും നിരവധി ആരോപണങ്ങൾ നേരിടുന്നതുമായ സ്വാധീനശക്തികൾക്കെതിരെയാണ് തന്റെ യഥാർത്ഥ യുദ്ധമെന്ന് ശ്വേത മേനോൻ പറഞ്ഞു. “സംഘടനയിൽ ചിലരെ മുന്നിൽനിർത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിക്കുകയാണ്. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ പോലും എന്നെ അപമാനിച്ച് പുറത്താക്കാൻ ഇവർ ശ്രമിച്ചു. എന്നാൽ ഇത്തരക്കാരുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ല. ഞാൻ ഈ പദവിയിൽ തുടരുന്നിടത്തോളം കാലം ആരോപണവിധേയരായ ആരെയും 'അമ്മ'യുടെ അമരത്ത് ഇരുത്തില്ല” എന്ന് ശ്വേത വ്യക്തമാക്കി.
വർഷങ്ങളായി താൻ നടത്തുന്ന ഈ പോരാട്ടം മാധ്യമശ്രദ്ധയ്ക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയല്ലെന്ന് ശ്വേത കൂട്ടിച്ചേർത്തു. സിനിമാ മേഖലയിലെ ചൂഷണങ്ങൾക്ക് ഇരയായവരെ എന്നും ചേർത്തുപിടിച്ചിട്ടുണ്ടെന്നും, സംഘടനയിലെ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ വ്യക്തിപരമായ സൈബർ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും ആരംഭിച്ചതെന്നും അവർ വെളിപ്പെടുത്തി.
രാഷ്ട്രീയ ആരോപണങ്ങളിലെ അയുക്തി ചോദ്യം ചെയ്ത് ശ്വേത
തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ-സാമ്പത്തിക ആരോപണങ്ങളെയും ശ്വേത രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന പ്രബലമായ ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ കോടിക്കണക്കിന് രൂപ താൻ നൽകി എന്ന പ്രചാരണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്ന് ശ്വേത ചോദിച്ചു.
“വസ്തുതാവിരുദ്ധവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ ആരോപണങ്ങൾ ഉന്നയിച്ച് ആളുകളിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നത്. മതവും രാഷ്ട്രീയവും വർഗീയതയും കലർത്തി സംഘടനയെ പിളർത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. യാഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നുണക്കഥകൾ പ്രചരിപ്പിക്കുന്നത്,” ശ്വേത പറഞ്ഞു.
പ്രതിസന്ധിയിൽ ആടിയുലയുന്ന ‘അമ്മ’
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ ലോകത്ത് ഉടലെടുത്ത അസ്വസ്ഥതകളും നേതൃമാറ്റങ്ങളും സംഘടനയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ മുൻഭരണസമിതിയിൽ നിന്ന് രാജിവെച്ചൊഴിഞ്ഞ ശേഷമാണ് പുതിയ നേതൃത്വത്തിലേക്കും അഡ്ഹോക് സമിതി സംവിധാനങ്ങളിലേക്കും 'അമ്മ' എത്തിയത്. എന്നാൽ തുടർച്ചയായി ഉയരുന്ന സാമ്പത്തിക ആരോപണങ്ങളും രാഷ്ട്രീയ തർക്കങ്ങളും സംഘടനയിൽ വലിയ വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് നിലപാടിൽ തെല്ലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ശ്വേത മേനോൻ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ സുതാര്യത ഉറപ്പാക്കാനും സ്ത്രീകളുടെയും സാധാരണക്കാരായ കലാകാരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഏതറ്റം വരെയും പോരാടുമെന്ന ശ്വേതയുടെ പ്രഖ്യാപനം 'അമ്മ'യിലെ വരുംദിനങ്ങളിലെ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K