Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 ജൂലൈ (H.S.)
തിരുവനന്തപുരം: കേരള ഹൈക്കോടതി വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറാകാതിരുന്നത് ബിജെപി ഉന്നയിച്ചിരുന്ന നിയമപരവും ഭരണപരവുമായ നിലപാടുകൾക്ക് വ്യക്തമായ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
കേരള സംസ്ഥാന വഖഫ് ബോർഡ് സമർപ്പിച്ച അപ്പീലിൽ, ഹൈക്കോടതി വിധിയിലെ ആറാം ഖണ്ഡികയിൽ (Paragraph 6) ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടവുമായി (Supervision) ബന്ധപ്പെട്ട പരാമർശം മാത്രമാണ് സുപ്രീം കോടതി ഒഴിവാക്കിയത്. എന്നാൽ ഹൈക്കോടതി വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളിൽ യാതൊരു ഇളവും സുപ്രീം കോടതി നൽകിയിട്ടില്ല. ഇതിലൂടെ ഹൈക്കോടതിയുടെ അടിസ്ഥാന കണ്ടെത്തലുകളും നിയമപരമായ സമീപനവും സുപ്രീം കോടതി നിലനിർത്തിയിരിക്കുകയാണ്.
വഖഫ് (ഭേദഗതി) നിയമപ്രകാരം നിർബന്ധമായും നിയമിക്കേണ്ട രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കാതെയാണ് കേരള സംസ്ഥാന വഖഫ് ബോർഡ് കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവർത്തിച്ചിരുന്നത്. ഈ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് അഡ്വ. ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ട ബോർഡ് എടുത്ത തീരുമാനങ്ങൾ മരവിപ്പിക്കണമെന്ന ആവശ്യത്തിലും സുപ്രീം കോടതി ഇടപെട്ടിട്ടില്ല.
ഇതോടെ, വഖഫ് ബോർഡിന് നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനും കേരള ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കോടതികൾ സംരക്ഷണം നൽകില്ലെന്ന സന്ദേശമാണ് സുപ്രീം കോടതിയുടെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
കേന്ദ്ര പാർലമെന്റ് പാസാക്കിയ നിയമങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും, രാഷ്ട്രീയമോ ആശയപരമായ എതിർപ്പോ നിയമം പാലിക്കാതിരിക്കാനുള്ള കാരണമാകില്ലെന്നും സുപ്രീം കോടതിയുടെ ഈ നിലപാട് വീണ്ടും വ്യക്തമാക്കുന്നു. ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാനുള്ള ബിജെപിയുടെ നിലപാടിന് ഈ ഉത്തരവ് കൂടുതൽ കരുത്ത് പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S