Enter your Email Address to subscribe to our newsletters

Kottayam , 22 ജൂലൈ (H.S.)
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ആഭ്യന്തര വകുപ്പിനും ക്രൈം ബ്രാഞ്ചിനുമെതിരെ രൂക്ഷ വിമർശനവുമായി അംബേദകറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്. സത്യസന്ധതയും ശാസ്ത്രീയവുമായ അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് പ്രവർത്തകർ ആരോപിച്ചു. ഡോ റാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടിയിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. സംഭവത്തിൽ ഹൈക്കോടതിയും ഇടപെടൽ നടത്തിയിരുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണ് പൊലീസ് നടപടിയെ ഹൈക്കോടതി വിശേഷിപ്പിച്ചത്.
കേസിൽ യഥാർഥ പ്രതികളെ കേന്ദ്രീകരിച്ച് സത്യസന്ധതയും ശാസ്ത്രീയവുമായ അന്വേഷണം നടത്തുന്നതിൽ കേരള പൊലീസും ക്രൈം ബ്രാഞ്ചും സമ്പൂർണമായി പരാജയപ്പെട്ടുവെന്നാണ് സംഘടനാ കൺവീനർ എം ഗീതാനന്ദൻ്റെ ആരോപണം.
''ഡോ. എംകെ റാമിൻ്റെ അറസ്റ്റ് വെറും നാടകമായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമായിരുന്നു ഈ അറസ്റ്റ് നാടകം. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പോലും കേരള പൊലീസിനെ അപമാനകരമായ രീതിയിൽ പരാമർശിച്ചിട്ടും കാര്യമായി ഒന്നും നടന്നില്ല. നിധിൻ രാജിൻ്റെ കുടുംബത്തിൻ്റെയും കേരളത്തിലെ ദലിത് സമൂഹത്തിൻ്റെയും ആത്മരോഷത്തെ മാനിക്കുന്നതിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന കേരള പൊലീസ് സംവിധാനത്തിന് യാതൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്'' എന്നും സംഘടന നേതാക്കൾ പറഞ്ഞു.
കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ തന്നെ നിധിൻ്റെ മരണത്തിൽ റാമിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് മനസിലാക്കാം. ഇതുകൊണ്ടാണ് സെഷൻസ് കോടതി ആദ്യം റാമിന് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്.
സെഷൻസ് കോടതി ജഡ്ജമെൻ്റിൻ്റെ ശക്തമായ നിരീക്ഷണങ്ങളുടെ പിൻബലത്തിൽ മാത്രമാണ് പിന്നീട് ഹൈക്കടതിയും സുപ്രീം കോടതിയും റാമിൻ്റെ ജാമ്യപേക്ഷ തള്ളുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തതെന്ന് പ്രവർത്തകർ വ്യക്തമാക്കി.
കോടതികളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി കുറ്റകൃത്യത്തിലെ ഡോ. റാമിൻ്റെയും മറ്റുള്ളവരുടെയും പങ്കിനെക്കുറിച്ചും നാളിത് വരെ യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ല. പ്രബലമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം മറച്ചുവെച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ ലോൺ ആപ്പ് തിയറിയുടെ അടിസ്ഥാനത്തിലുള്ള ചില നടപടികളല്ലാതെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് ഒന്നും ചെയ്തിട്ടില്ലെന്നും ഇവർ ആരോപിച്ചു. ഫോറൻസിക് അന്വേഷണമോ കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടോെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
റാമിന് ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നുള്ളതും അന്വേഷണ വിധേയമായിട്ടില്ല. മൂന്ന് കോടതികൾ റാമിന് ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അറസ്റ്റിനുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. ഇത് 100 ദിവസം നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു ഒളിവിൽ കഴിഞ്ഞ പ്രതിയുടെ അറസ്റ്റ് അംഗീകരിക്കപ്പെടാതെ പോയത് നിയമ സംവിധാനത്തിൻ്റെ പരാജയമാണെന്നും സംഘടന വിമർശിച്ചു.
പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമത്തിൻ്റെ അട്ടിമറിയാണ് കോടതിയിൽ ഉണ്ടായിരിക്കുന്നത്.തുഫാൻ ക്യാംപെയിനിലൂടെ തിളങ്ങുന്ന കേരള പൊലീസ് സംവിധാനം നിധിൻ രാജിൻ്റെ കുടുബത്തോടും ദളിത് സമൂഹത്തോടും നിയമവാഴ്ചയോടും നീതിപുലർത്തിയില്ല. ഇത് സർക്കാരിനോടുള്ള ദളിത് സമൂഹത്തിൻ്റെ വിശ്വാസം നഷ്ടമാക്കി. നിധിൻ രാജിൻ്റെ കുടുംബാംഗങ്ങളുടെ തുടർ നടപടികൾക്ക് അംബേദ്കർ റൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് എല്ലാവിധ പിന്തുണയും നൽകുമെന്നും ഏതു വിധത്തിലുള്ള അന്വേഷണം വേണമെന്ന് നിതിൻ രാജിൻ്റെ കുടുബവുമായി ആലോചിച് മുന്നോട്ട് പോകുമെന്നും സംഘടന പ്രതിനിധികൾ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR