Enter your Email Address to subscribe to our newsletters

Alappuzha , 22 ജൂലൈ (H.S.)
കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു. ആലപ്പുഴ മണ്ണഞ്ചേരിയിൽ കുറുവാ സംഘം നടത്തിയെന്നാരോപിക്കുന്ന മോഷണ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്. കേസിലെ രണ്ടാം പ്രതിയായ കട്ടുപൂച്ചനെയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്. മോഷണക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സിസിടിവി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയാണ് മണ്ണഞ്ചേരി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. തേനിയിൽ നിന്നാണ് കട്ടുപൂച്ചനെ പിടികൂടിയത്.
അതേസമയം കേസിലെ ഒന്നാംപ്രതിയായ സന്തോഷ് സെൽവത്തിനെതിരായ ഭവനഭേദനക്കുറ്റം സംബന്ധിച്ച വിചാരണ തുടരുകയാണ്. ആ കുറ്റവുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധി അൽപസമയത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം. കുറുവാ സംഘം മോഷണ കേസിലെ ആദ്യ വിധിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ കേസിൽ രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. സന്തോഷ് സെൽവം, കട്ടുപൂച്ചൻ എന്നിവരായിരുന്നു. ഇന്ന കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ വെറുതെ വിട്ടിരിക്കുകയാണ്.
ഒന്നാം പ്രതിയുടെ കേസിൽ ഇപ്പോഴും വിധി നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസിന് ഉണ്ടായ വീഴ്ചകൾ പ്രതിഭാഗം നേരത്തെ തന്നെ ചൂണ്ടികാണിച്ചിരുന്നു. നടപടികളിൽ കാര്യമായ വീഴ്ച പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു എന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ടി സുധീഷ് പറഞ്ഞു. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. കുറുവാ സംഘത്തിൻ്റെ സാന്നിധ്യം സംബന്ധിച്ച പരാതികളും തുടർ അന്വേഷണങ്ങളും വലിയ ചർച്ചയായിരുന്ന സാഹചര്യത്തിലാണ് കേസിലെ നിർണായക വിധി വന്നിരിക്കുന്നത്.
അതേസമയം ഒന്നാം പ്രതിക്കെതിരായ ഭവനഭേദനക്കേസിലെ നടപടികൾ തുടരുന്നതിനാൽ ആ കേസിലെ അന്തിമവിധിക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘവും പരാതിക്കാരും. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലെ നിയമനടപടികളും തുടരുന്നുണ്ട്. ഒന്നാംപ്രതിക്കെതിരായ കേസിലെ വിധി പുറത്ത് വന്ന ശേഷമേ തുടർ നിയമനടപടികളിലും അന്വേഷണത്തിൻ്റെ ദിശയിലും കൂടുതൽ വ്യക്തത ലഭിക്കുള്ളു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR