ഔഷധി എംഡി സ്ഥാനത്ത് നിന്നും ഡോ.ടികെ ഹൃദീക്കിനെ നീക്കി ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആയുഷ് വകുപ്പ് ഉത്തരവിറക്കി
Thiruvananthapuram , 22 ജൂലൈ (H.S.) ഔഷധി എംഡി സ്ഥാനത്ത് നിന്നും ഡോ.ടികെ ഹൃദീക്കിനെ നീക്കി ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആയുഷ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തുള്ള ഹൃദീക്ക് ഡെപ്യൂട്ടേഷനിലാണ് ഔ
Dr.TK Hrideek


Thiruvananthapuram , 22 ജൂലൈ (H.S.)

ഔഷധി എംഡി സ്ഥാനത്ത് നിന്നും ഡോ.ടികെ ഹൃദീക്കിനെ നീക്കി ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആയുഷ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തുള്ള ഹൃദീക്ക് ഡെപ്യൂട്ടേഷനിലാണ് ഔഷധി എംഡി സ്ഥാനത്തെത്തിയത്. നിലവിൽ ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ റദ്ദാക്കി സ്ഥാപനത്തിന്റെ ഫിനാൻസ് കൺട്രോളർ പിഎം ലതാകുമാരിക്ക് എംഡിയുടെ ചുമതല കൈമാറിയാണ് ഉത്തരവിറക്കിയിട്ടുള്ളത്.

വിജിലൻസ് അന്വേഷണത്തിനും ശുപാർശ

ആയുഷ് (AYUSH) വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ 'ഔഷധി'യിൽ നിർമാണ പ്രവർത്തനങ്ങളിലും ധനകാര്യ ഇടപാടുകളിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായുള്ള പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണത്തിനും ആരോഗ്യ മന്ത്രി കെ മുരളീധരൻ ശുപാർശ നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഇത് സംബന്ധിച്ച് കത്ത് കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂർ മുള്ളക്കരയിലെ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടറായ പിബി സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഔഷധിയിലെ അഴിമതിയും നിയമലംഘന ങ്ങളും ചൂണ്ടിക്കാട്ടി പിബി സതീഷ് നൽകിയ ഹർജിയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രി കെ മുരളീധരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്.

പൊതുജന വിശ്വാസം സംരക്ഷിക്കുന്നതിനും പൊതുഭരണ സംവിധാനത്തിന്റെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനും ഈ അഴിമതി ആരോപണങ്ങളിൽ സ്വതന്ത്രമായ അന്വേഷണമാണ് മന്ത്രി നൽകിയിട്ടുള്ള കത്തിൽ ആവശ്യപ്പെടുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സാമ്പത്തിക സുതാര്യതയും നിലനിൽപ്പും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം. വിഷയത്തിൽ പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളിലും മാധ്യമ വാർത്തയിലെ വിവരങ്ങളിലും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടത്താൻ അടിയന്തര നിർദേശം നൽകണം. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പോ ക്രമക്കേടോ തെളിഞ്ഞാൽ നിയമപ്രകാരമുള്ള വിശദമായ അന്വേഷണം നടത്തണമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഔഷധിയുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികളും നിശ്ചിത മാനദണ്ഡങ്ങളും പൂർണമായി കാറ്റിൽപ്പറത്തി 'ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി'ക്ക് (ULCCS) നൽകിയെന്നാണ് പ്രധാന ആരോപണം. 2024-25 സാമ്പത്തിക വർഷത്തിലെ ഔഷധിയുടെ വിൽപ്പന കണക്കുകളിലും (sales accounts) വലിയ രീതിയിലുള്ള ക്രമക്കേടുകളും അപാകതകളും നടന്നിട്ടുണ്ടെന്ന് പിബി സതീഷ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ഊരാളുങ്കലിന് നൽകിയത് കോടികളുടെ കരാർകഴിഞ്ഞ മൂന്ന് വർഷത്തിനിടെ 34 കോടി രൂപയുടെ വിവിധ കരാറുകളാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ഔഷധി നൽകിയിട്ടുള്ളത്. അഡ്മിനിസ്ഷ്രേൻ വിഭാഗത്തിന്റെയും സ്ഥാപനത്തിലെ പ്രധാന പ്ലാന്റിന്റെയും നവീകരണവും മലിനജല സംസ്കരണ പ്ലാന്റ് നിർമാണവുമാണ് ആദ്യം നൽകിയത്. 15 കോടി രൂപയുടെ ഈ പ്രവൃത്തിക്ക് കരാറുകാരെ ക്ഷണിച്ച് ഔഷധി അറിയിപ്പ് നൽകി ദിവസങ്ങൾക്കുള്ളിൽതന്നെ ഊരാളുങ്കൽ അപേക്ഷ നൽകുകയും അതിവേഗം അവരെ തെരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന്, രാസ പ്ലാന്റ്, ബോയ്ലർ ചിമ്മിനി, ഗേറ്റ് നിർമ്മാണം തുടങ്ങി ഓരോ പേരിലായി വീണ്ടും 15 കോടി രൂപയുടെ പദ്ധതികൾകൂടി ടെൻഡറില്ലാതെ നൽകിയെന്നും പരാതിയിൽ പറയുന്നു.

2024-25ൽ ഔഷധിയുടെ വിൽപന കണക്ക് കൃത്രിമമായി ഉയർത്തി കാണിച്ചൂവെന്നതാണ് മറ്റൊരു പരാതി. സാധാരണ മാസങ്ങളിൽ 15 കോടി വരെ വിറ്റുവരവ് ലഭിക്കുമ്പോൾ 2025 മാർച്ചിൽ മാത്രം 46 കോടി രൂപയുടെ വിൽപ്പന നടന്നുവെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗം തുകയും ഇല്ലാത്ത സ്റ്റോക്ക് വിൽപ്പന നടത്തിയെന്ന് കാണിച്ചാണ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News