Enter your Email Address to subscribe to our newsletters

Eranakulam , 22 ജൂലൈ (H.S.)
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉടൻ നിയമിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ബോർഡ് പുനഃസംഘടിപ്പിക്കും വരെ രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിച്ച് പ്രവർത്തനങ്ങൾ നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു. അമുസ്ലിം അംഗങ്ങളെ നിയമിച്ച് വഖഫ് ബോർഡ് സമഗ്രമായി പുനഃസംഘടിപ്പിക്കാനാണ് തീരുമാനമെന്ന് സർക്കാർ മറുപടി നൽകി. തുടർന്ന് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി സാവകാശം നൽകി. അർധ ജുഡീഷ്യൽ പ്രവർത്തനങ്ങൾക്ക് ബോർഡിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെ വഖഫ് ബോർഡിന് ജുഡീഷ്യൽ സിറ്റിങ് നടത്താനാകും. ഷോൺ ജോർജിൻ്റേത് ഉൾപ്പെടെയുള്ള പൊതുതാത്പ്പര്യ ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ബോർഡ് പുനഃസംഘടിപ്പിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് യാതൊരു തടസവുമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അതുവരെ ബോർഡിൻ്റെ പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്നും, നിയമപ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളെ ഉടൻ നാമനിർദേശം ചെയ്യണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. നിലവിലുള്ള വഖഫ് ബോർഡ്, വഖഫ് നിയമത്തിൻ്റെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാധിനിധ്യം നിർണയിക്കാതെയാണ് രൂപീകരിച്ചിരിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അത് കൊണ്ട് രണ്ട് അമുസ്ലിമുകളെ നിയമിച്ച് അപാകത പരിഹരിക്കാം എന്ന വാദം നിലനിൽക്കുന്നതല്ല എന്ന് സർക്കാർ വാദിച്ചു.
പ്രതികരിച്ച് മുഖ്യമന്ത്രി
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരച്ചു. ബോർഡിലെ അമുസ്ലിം നിയമനം മുൻസർക്കാർ സമ്മതിച്ചതാണെന്നും രൂപീകരണ ഉത്തരവിൽ തന്നെ അത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വർഗീയത പരത്താനും മുസ്ലിം വിരുദ്ധവികാരം ഉണ്ടാക്കാനുമുള്ള പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിലെ വഖഫ് ബോർഡാണ് രാജ്യത്ത് എറ്റവും ആദ്യം രൂപീകരിച്ചത്. അമുസ്ലിം പ്രതിനിധികളെ വെയ്ക്കണമെന്ന് രൂപീകരണ ഉത്തരവിൽ തന്നെ പരാമർശിച്ചിട്ടുണ്ട്. ബാർ കൗൺസിലിൽ നിന്നും പൊതുകാര്യപ്രസക്തരിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ പ്രതിനിധികളെ പിന്നീട് നിയമിക്കുമെന്നായിരുന്നു കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നത്.
അതേസമയം, വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാറിൻ്റെ അജണ്ടയുടെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. ഇത്തരം നടപടികൾ രാജ്യത്തെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണകൂടം സ്വീകരിക്കുന്ന സമാനമായ നിലപാടാണ് കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR