കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണസംഘം.
Kozhikode , 22 ജൂലൈ (H.S.) കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണസംഘം. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. സെഷൻസ് കോടതിയ
KAFIR FAKE SCREENSHOT CASE UPDATES


Kozhikode , 22 ജൂലൈ (H.S.)

കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണസംഘം. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. സെഷൻസ് കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം റിബേഷ് മുൻകൂർ ജാമ്യം നേടിയിരുന്നു.

പ്രതിചേർത്ത സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകാൻ നോട്ടിസ് നൽകും. ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ പ്രകാരം കോടതി നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചു ജാമ്യത്തിൽ വിടും. കേസിൽ ആദ്യം അറസ്റ്റിലായ ജിതിൻ ഭാസ്കറാണ് വിവാദമായ സ്ക്രീൻഷോട്ട് നിർമ്മിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റ് തയ്യാറാക്കിയ ശേഷം ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു എന്നാണ് കണ്ടെത്തൽ. ജിതിൻ നിർമ്മിച്ച പോസ്റ്റ് ആദ്യം അയച്ചു കൊടുത്തത് റിബേഷ് രാമകൃഷ്ണനാണെന്നും എസ്ഐടി പറയുന്നു. റെഡ് എൻകൗണേഴ്സ് കരിമ്പനപ്പാലം എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് റിബേഷിൻ്റെ ഫോണിൽ നിന്നാണ് സ്ക്രീൻഷോട്ട് എത്തിയത്. ഈ ഗ്രൂപ്പിൽ നിന്നാണ് നേരത്തെ അറസ്റ്റിലായ അമൽ ഉൾപ്പെടുന്ന റെഡ് ബെറ്റാലിയൻ പോലുള്ള ഇടത് അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഫേസ്ബുക്ക് പേജിലേക്കും ഈ സ്ക്രീൻഷോട്ട് എത്തിയത്.

കേസിൽ അന്വേഷണം തുടരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും നിരവധി പേർ പ്രതി ചേർക്കപ്പെടാൻ സാധ്യത ഉണ്ടെന്നുമാണ് പ്രത്യേക അന്വേഷണസംഘം പങ്കുവയ്ക്കുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പോളിങ് ദിനത്തിൻ്റെ തലേന്നു ഷാഫി പറമ്പിൽ എംപിയെ ദീനിയായ മുസ്ലിം' ആയും കെ.കെ.ശൈലജയെ 'കാഫിറായും ചിത്രീകരിച്ചു കൊണ്ടുള്ള സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.

എംഎസ്എഫ് പ്രവർത്തകനായ പി.കെ.മുഹമ്മദ് കാസിം വാട്സാപ്പിൽ അയച്ചതെന്ന പേരിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ട് ഏറെ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു. എൽഡിഎഫിൻ്റെ പരാതിയിൽ കാസിമിനെ പ്രതിയാക്കിയാണു പൊലീസ് ആദ്യം അന്വേഷണം നടത്തിയത്. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നു നടത്തിയ തുടരന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇതു പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി.

ഇതിനു പിന്നാലെ കേസന്വേഷണം വടകര പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ പാറക്കൽ അബ്ദുല്ല എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടതിനെത്തുടർന്നാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എംഎസ്എഫ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് ആദ്യം പ്രചാരണമുണ്ടായെങ്കിലും പിന്നീടാണ് സിപിഎം പ്രവർത്തകരാണെന്നു തെളിഞ്ഞത്.

എൽഡിഎഫ് സർക്കാർ അവസാനിപ്പിച്ച കേസന്വേഷണം യുഡിഎഫ് സർക്കാർ പ്രത്യേക സംഘത്തെ ഏൽപിക്കുകയായിരുന്നു. കേസിൽ ഇതുവരെ 2 ഡിവൈഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ആദ്യം ആരോപണവിധേയനായ എം.എസ്.എഫ് നേതാവ് പി.കെ. കാസിമിനെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിരുന്നു. വ്യാജ സ്ക്രീൻഷോട്ട് കാസിമിൻ്റെ പേരിൽ കൃത്രിമമായി നിർമിച്ചതാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് നടപടി.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ വർഗീയ പരാമർശമുള്ള സ്ക്രീൻഷോട്ട് നിർമിച്ചു എന്നതായിരുന്നു കാസിമിനെതിരെയുള്ള ആരോപണം. കാസിം തൻ്റെ നിരപരാധിത്വം തെളിയിക്കാൻ മൂന്ന് മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ ഫോണുകളിൽ നിന്ന് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. യു.ഡി.എഫ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കാസിം നിരപരാധിയാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News