തിരുവനന്തപുരം കെപിസിസി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചില് സംഘര്ഷം,
Thiruvananthapuram , 22 ജൂലൈ (H.S.) രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ അലയൊലികളിൽ തിരുവനന്തപുരത്ത് വൻ സംഘർഷം. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്ച്ചില് പ്
Kpcc protest


Thiruvananthapuram , 22 ജൂലൈ (H.S.)

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ അലയൊലികളിൽ തിരുവനന്തപുരത്ത് വൻ സംഘർഷം. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്ച്ചില് പ്രതിഷേധിച്ചായിരുന്നു സമരം. തിരുവനന്തപുരത്തെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനമായ കെ പി സി സി ഓഫീസിലേക്ക് (ഇന്ദിരാ ഭവൻ) ബി ജെ പി തിരുവനന്തപുരം ജില്ലാ നേതൃത്വം നടത്തിയ പ്രതിഷേധ മാർച്ച് കനത്ത പൊലീസ് നടപടിയിലും സംഘർഷത്തിലും കലാശിച്ചു.

വെള്ളയമ്പലം - ശാസ്തമംഗലം റോഡിലൂടെ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് നൂറുകണക്കിന് ബി ജെ പി പ്രവർത്തകർ കെ പി സി സി ഓഫീസിലേക്ക് ഇരച്ചെത്തിയത്.

ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം; കോലം കത്തിച്ചു

കെ പി സി സി ഓഫീസിന് തൊട്ടടുത്ത് വെച്ച് കനത്ത ബാരിക്കേഡുകൾ ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. എന്നാൽ ആക്രോശങ്ങളോടെ എത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റാനും മറിച്ചിടാനും ശ്രമിച്ചതോടെ പ്രദേശം യുദ്ധക്കളത്തിന് സമാനമായി. പ്രകോപിതരായ പ്രവർത്തകർ കോൺഗ്രസ് നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാനും പിരിഞ്ഞുപോകാനും പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബി ജെ പി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി നിലയുറപ്പിച്ചു.

നേതാക്കൾക്ക് നേരെയും ജലപീരങ്കി പ്രയോഗം

പ്രതിഷേധം അക്രമാസക്തമായതോടെ രംഗം ശാന്തമാക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പ്രാരംഭഘട്ടത്തിൽ ജലപീരങ്കി ഉപയോഗിച്ചത്.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നേരെയും ജലപീരങ്കി പ്രയോഗമുണ്ടായി. ജലപീരങ്കി പ്രയോഗത്തിന് ശേഷവും സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറെനേരം വൻ തർക്കവും പ്രക്ഷോഭ അന്തരീക്ഷവും നിലനിന്നു. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News