അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പുതിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കണ്ണൂരിലെത്തും
Kannur , 22 ജൂലൈ (H.S.) അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പുതിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കണ്ണൂരിലെത്തും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വ
CRIME BRANCH INVESTIGATION


Kannur , 22 ജൂലൈ (H.S.)

അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പുതിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന് കണ്ണൂരിലെത്തും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതിയായ ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി.

നിതിൻ രാജിൻ്റെ കുടുംബം ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് കേസ് പുതിയ അന്വേഷണ സംഘത്തെ ഏൽപ്പിച്ചത്. ഡോ. റാമിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കോടതി അദ്ദേഹത്തിന് നോട്ടിസ് അയക്കും. ഇതിന് ശേഷം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. മുൻപ് നടന്ന ആദ്യ അറസ്റ്റ് കോടതി റദ്ദാക്കിയ സാഹചര്യത്തിൽ, ഇത്തവണ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പുതിയ സംഘം. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന സംഘം കേസ് ഫയലുകൾ വിശദമായി പഠിക്കും. ഇതിന് ശേഷമാകും തുടർനടപടികളിലേക്ക് കടക്കുക.

ആദ്യ അറസ്റ്റിലെ വീഴ്ച

ഡോ. റാമിൻ്റെ ആദ്യ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന് വലിയ വീഴ്ച സംഭവിച്ചിരുന്നു. നൂറ് ദിവസത്തിലധികം ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണാടകയിലെ കുടകിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ, എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് പ്രതിഭാഗം അഭിഭാഷകൻ തലശ്ശേരി കോടതിയിൽ വാദിച്ചു. നിയമവിരുദ്ധമായ അറസ്റ്റാണെന്ന് ബോധ്യപ്പെട്ടതോടെ കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇത് ക്രൈംബ്രാഞ്ചിന് വലിയ നാണക്കേടുണ്ടാക്കി. ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കോടതി പരിസരത്ത് വച്ച് പ്രതിയെ വിട്ടയക്കേണ്ടി വന്നു.

ഒളിവ് ജീവിതം

ഹൈക്കോടതിയും സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഡോ. റാം ഒളിവിൽ പോയത്. ആന്ധ്രാപ്രദേശിലെ പ്രാദേശിക നേതാവായ സഹോദരൻ്റെ സഹായത്തോടെ ചിറ്റൂർ, ഗുണ്ടൂർ എന്നിവിടങ്ങളിലും പിന്നീട് ബെംഗളൂരുവിലുമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ ഈ സ്ഥലങ്ങളിൽ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കുടകിലേക്ക് കടന്നെന്ന കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് ഡോ. റാമിനെ പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ പിഴവ് കാരണം പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് രണ്ടാമതും അറസ്റ്റ് രേഖപ്പെടുത്താൻ പുതിയ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. യാതൊരു പഴുതുകളും നൽകാതെ പഴുതടച്ചുള്ള അന്വേഷണത്തിനാണ് എസ്.പി എം.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം ഒരുങ്ങുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News