നിതിൻ രാജ് കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
Ernakulam , 22 ജൂലൈ (H.S.) അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച നടപടിയിലാണ് കോടതിയുടെ ഇടപെടൽ. പ്
Nithin raj


Ernakulam , 22 ജൂലൈ (H.S.)

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച നടപടിയിലാണ് കോടതിയുടെ ഇടപെടൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ഡിവൈ.എസ്.പി തികച്ചും കഴിവുകെട്ട ഉദ്യോഗസ്ഥനാണെന്നും കോടതി കുറ്റപ്പെടുത്തി.

പൊലീസിനെതിരെ രൂക്ഷവിമർശനം

ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊലീസിൻ്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കാണിച്ച് നിതിൻ രാജിൻ്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും വിട്ടയക്കുമ്പോഴും പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു. ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഇത്തരം നിയമവശങ്ങൾ അറിയില്ലേ എന്നും കോടതി ആരാഞ്ഞു. അന്വേഷണ ചുമതലയുണ്ടായിരുന്ന സുധീർ കല്ലനെതിരെയാണ് ഹൈക്കോടതി പരാമർശം. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കണം. സമൂഹത്തിൽ സ്വാധീനമുള്ളവരെയും പണക്കാരെയും സംരക്ഷിക്കാനാണോ പൊലീസ് സേന ശ്രമിക്കുന്നതെന്നും, സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കില്ലേ എന്നും കോടതി ചോദിച്ചു.

പണത്തിനു മീതെ പരുന്തും പറക്കില്ല

പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. 'പണത്തിനു മീതെ പരുന്തും പറക്കില്ല' എന്ന നാട്ടിലെ ചൊല്ല് അന്വർഥമാക്കുന്നതാണ് പൊലീസിൻ്റെ നടപടികൾ. വെറും 15,000 രൂപ വായ്പയെടുത്ത സാധാരണക്കാരൻ കടബാധ്യത മൂലം ആത്മഹത്യ ചെയ്യുമ്പോൾ, 15 കോടി രൂപ വായ്പയെടുത്ത വമ്പന്മാർ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിക്കുന്ന നാടാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരിൻ്റെയും പൊലീസ് സംവിധാനത്തിൻ്റെയും പൂർണ്ണ പരാജയമാണ് ഈ കേസിൽ കാണാൻ കഴിയുന്നതെന്നും കോടതി വ്യക്തമാക്കി.

നിതിൻ രാജിൻ്റെ മരണംകഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയായിരുന്ന നിതിൻ, അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം. ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം.കെ റാം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ജാതീയമായി അധിക്ഷേപിച്ചിരുന്നതായും വിദ്യാർഥി നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. സംഭവത്തിൽ വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡോ. റാമിനെ കോളജ് മാനേജ്മെൻ്റ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് സംഘമാണ് പിന്നീട് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാൻ വൈകിയതിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News