പാലായിൽ കോൺഗ്രസ് 4 കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി.
Kottayam , 22 ജൂലൈ (H.S.) പാലായിൽ കോൺഗ്രസ് 4 കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി
Nattakam suresh


Kottayam , 22 ജൂലൈ (H.S.)

പാലായിൽ കോൺഗ്രസ് 4 കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കിയത്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദേശാടിസ്ഥാനത്തിൽ ഈ അംഗങ്ങളെ നീക്കം ചെയ്തതായി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽ എ അറിയിച്ചു.

പാലാ നഗരസഭയില് യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കുകയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും നിയമനടപടിയും ഉണ്ടാകും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച നാല് കോൺഗ്രസ് കൗൺസിലർമാരും സ്വയമേ പാർട്ടിയിൽ നിന്നും പുറത്ത് പോയി എന്നാണ് അർത്ഥം, നാട്ടകം സുരേഷ് പറഞ്ഞു.

ഇവർക്കെതിരെയുള്ള തുടർ നടപടി കെപിസിസി പ്രസിഡൻ്റ് അറിയിക്കും. കൂറുമാറ്റ നിരോധന നിയമപ്രകാരം അനുസരിച്ച് ഇവർക്കെതിരെ കേസ് നൽകുന്നതോടൊപ്പം സംഘടനാ നടപടിയും ഉണ്ടാകും. വിപ്പ് ലഭിച്ചിട്ടില്ലെന്ന കൗൺസിലർമാരുടെ വിശദീകരണം തെറ്റാണ്. ഏതെങ്കിലും തരത്തിൽ അറിയിപ്പ് നൽകിയാൽ അതിനെ വിപ്പായി കണക്കാക്കണമെന്നാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇവർക്ക് വിപ്പ് നൽകിയതിന് സാക്ഷികൾ ഉണ്ട് ഇതുകൂടാത വാട്സ്ആപ്പ് സന്ദേശം വഴിയും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നിൽക്കണമെന്ന് അറിയിപ്പ് നൽകിയിരുന്നതായും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി.

തുടർ നടപടികൾ യുഡിഎഫ് കൂടിയാലോചിച്ച ശേഷം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി പറയുകായായിരുന്നു അദ്ദേഹം. അവിശ്വാസം പാസ്സായതല്ലേയുള്ളൂവെന്നും ഇനിയും സമയമുണ്ടല്ലോയെന്നും മറ്റ് കാര്യങ്ങൾ പാർട്ടി തീരുമാനിക്കുന്ന പ്രകാരം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിയ ബിനു പുറത്ത്

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രകൂട്ടായ്മയിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു പാലാ നഗരസഭയിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. ഈ കൂട്ടായ്മയിലെ അംഗമായ ദിയ ബിനു പുളിക്കക്കണ്ടമായിരുന്നു ചെയർപേഴ്സൺ. എന്നാൽ, ഭരണത്തിലേറി കുറച്ച് നാളുകൾക്കു ശേഷം തന്നെ സ്വതന്ത്രകൂട്ടായ്മയും കോൺഗ്രസ് അംഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും പാർട്ടി ഭിന്നതയ്ക്ക് കാരണമാകുകയും ചെയ്തു. ഈ സാഹചര്യം എൽഡിഎഫ് പ്രയോജനപ്പെടുത്തിയതോടെ അവിശ്വാസ പ്രമേയമെത്തി.

ചൊവ്വാഴ്ച (ജൂലൈ 21) എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയും പിന്തുണച്ചതോടെ പാസായി. ഇതോടോ ദിയക്ക് ചെയർപേഴ്സൺ സ്ഥാനം നഷ്ടമാവുകയും ചെയ്തു. എൽഡിഎഫിൻ്റെ 12 അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ 17 എന്ന ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാവുകയായിരുന്നു.

ജനാധിപത്യ വിധിയോടൊപ്പം

ജനാധിപത്യ വിധി അംഗീകരിക്കുന്നുവെന്ന് ദിയ പുളിക്കക്കണ്ടം പ്രതികരിച്ചു. തനിക്കെതിരെ കൊണ്ടു വന്ന ആരോപണങ്ങള് ഒന്നും തെളിയിക്കാന് ആര്ക്കും ആയിട്ടില്ല. പദവികള് വരും പോകും. സത്യസന്ധമായ പൊതുപ്രവര്ത്തനത്തിലൂടെ മുന്നോട്ട് പോകുമെന്നും ദിയ പറഞ്ഞു. പാലായിലെ ജനങ്ങളോട് എനിക്ക് ഉറപ്പോടെ പറയാനുള്ളത് ഇത്രമാത്രമാണ്. ഞാൻ അഴിമതിക്ക് വഴങ്ങിയിട്ടില്ല. ഞാൻ നിയമം ലംഘിച്ചിട്ടില്ല. പൊതുപണത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിനിയോഗിച്ചിട്ടില്ല.

ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ എടുത്ത തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്ന നിലയിൽ എന്റെ പൊതുപ്രവർത്തനം തുടരും. സത്യസന്ധത, സുതാര്യത, നിയമവാഴ്ച, ജനങ്ങളുടെ താൽപര്യം എന്നീ മൂല്യങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News