Enter your Email Address to subscribe to our newsletters

Kozhikode , 22 ജൂലൈ (H.S.)
പാളയത്ത് യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. മാങ്കാവ് കുളങ്ങര പീടിക പോത്തഞ്ചേരി തെക്കിനേടത്ത് മീത്തൽ ദീപക് (22) ആണ് കോഴിക്കോട് കസബ പൊലീസിൻ്റെ പിടിയിലായത്. കൊല്ലപ്പെട്ട പുതിയ കോവിലകം പറമ്പ് ബിജുവിൻ്റെ (38) അടുത്ത ബന്ധുവാണ് പ്രതി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കൊലപാതകം നടന്ന് ദിവസങ്ങൾക്കകം പ്രതിയെ പിടികൂടിയത്.
അതിക്രൂരമായ കൊലപാതകം
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൻ്റെ പിറകിലുള്ള ബിജുവിൻ്റെ വീടിനോട് ചേർന്ന് നിർമിച്ച മുറിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്നു മണിയോടെ പശുവിനെ കറക്കാൻ ബിജു ഉണർന്ന് വരാത്തതിനെ തുടർന്ന് അമ്മ വന്നു നോക്കിയപ്പോഴാണ് കട്ടിലിൽ രക്തം വാർന്ന് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഉടൻ തന്നെ കസബ പൊലീസിൽ വിവരമറിയിച്ചത്.
പ്രാഥമിക പരിശോധനയിൽ തന്നെ ബിജുവിൻ്റെ മരണം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 45 മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർ എ പി ഷൗക്കത്തലി, കോഴിക്കോട് ടൗൺ അസിസ്റ്റൻ്റ് കമ്മിഷണർ കെ വി പ്രമോദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഇവർ നിരവധി സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.
ലഹരിയിൽ നിന്നും കൊലപാതകത്തിലേക്ക്അന്വേഷണത്തിൻ്റെ ഭാഗമായി ബിജുവുമായി ബന്ധമുള്ള നിരവധിപേരെ ചോദ്യംചെയ്തു. കൂടാതെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. അന്വേഷണം ആരംഭിച്ച ആദ്യ ഘട്ടത്തിൽ ബന്ധുക്കളും നാട്ടുകാരും ലഹരി മാഫിയയുടെ ആക്രമണം ആകാനാണ് സാധ്യത എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഈ വാദം തള്ളാതെയായിരുന്നു പൊലീസിൻ്റെ ആദ്യഘട്ട അന്വേഷണം. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ലഹരി മാഫിയ അല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായി.
പ്രതിയായ ദീപക്കിൻ്റെ ലഹരി ഉപയോഗവും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് നാടിനെ നടുക്കിയ കൊലപാതകത്തിന് വഴിവച്ചത്. ലഹരി ഉപയോഗിക്കുന്ന പ്രതിയെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും ചികിത്സയ്ക്ക് വിധേയനാക്കാനും ബിജു നിർബന്ധിച്ചിരുന്നു. മൂന്നുവർഷം മുൻപ് ബിജുവും പ്രതിയുമായി വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടായത് പ്രതിക്ക് ബിജുവിനോട് വൈരാഗ്യം വർധിപ്പിക്കാൻ ഇടയാക്കി. ദീപക്കിനെതിരെ നേരത്തെ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസും രണ്ടുപേരെ മർദിച്ചതിന് കസബ സ്റ്റേഷനിൽ മറ്റൊരു പരാതിയും നിലവിലുണ്ട്. ഇത് രക്ഷിതാക്കൾ ഇടപെട്ട് നേരത്തെ ഒത്തുതീർപ്പാക്കുകയായിരുന്നു.
പ്രതിയെ കുരുക്കിയ തെളിവുകൾനിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. സ്വന്തമായി വാഹനം ഇല്ലാത്ത പ്രതി പിതാവിൻ്റെ വാഹനം ഉപയോഗിച്ചാണ് കൃത്യം നടത്തുന്നതിന് വേണ്ടി ബിജുവിൻ്റെ വീടിനടുത്ത് എത്തിയത്. തുടർന്ന് പ്രതിയായ ദീപക്കിൻ്റെ കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിന്നും ബിജുവിൻ്റെ മൊബൈൽ ഫോണും സ്കൂട്ടറിൻ്റെ താക്കോലും കണ്ടെത്തി.
കൂടാതെ കൊലപാതകം നടത്തുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പാതി കത്തിയ നിലയിലും കണ്ടെത്തി. കൃത്യം നടത്തുന്ന സമയത്ത് പ്രതിയുടെ കൈക്കേറ്റ പരിക്കും പ്രധാന തെളിവായി. പ്രതിയെ പിടികൂടുന്നതിന് പൊലീസ് ഇൻസ്പെക്ടർ പി ജെ ജിമ്മി, എസ്ഐ നിമിൻ കെ ദിവാകരൻ, എഎസ്ഐമാരായ സജേഷ്, എം എസ് ഷാലു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത് കുന്ദമംഗലം, പി ദീപു, കെ ഷിജിത്ത്, വിപിൻ രാജ്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഒ മോഹൻദാസ്, അബ്ദുൽ റഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, സൈബർ വിദഗ്ധനായ ഷെഫിൻ എന്നിവർ നേതൃത്വം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR