ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ തോതിൽ ഇടിവ്.
Newdelhi , 22 ജൂലൈ (H.S.) ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ തോതിൽ ഇടിവ്. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്നും കയറ്റി അയയ്ക്കുന്ന സ്മാർട്ട്ഫോണുകളുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് വർഷത്തിനിടയിലെ ജൂൺ
MEMORY CHIP SHORTAGE


Newdelhi , 22 ജൂലൈ (H.S.)

ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ തോതിൽ ഇടിവ്. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിൽ നിന്നും കയറ്റി അയയ്ക്കുന്ന സ്മാർട്ട്ഫോണുകളുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് വർഷത്തിനിടയിലെ ജൂൺ പാദത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്തവണത്തേത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ വർധനവാണ് കയറ്റുമതി കുറഞ്ഞതിന് പ്രധാന കാരണം. മിക്ക കമ്പനികളുടെയും പല വില വിഭാഗങ്ങളിലുള്ള സ്മാർട്ട്ഫോണുകളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. പലതിനും വില വർധിച്ചപ്പോൾ ആളുകൾ വാങ്ങാൻ മടിക്കുന്നു.

ഫോൺ മാറ്റി വാങ്ങാൻ പദ്ധതിയിട്ടവർ വില വർധനവ് കാരണം പ്ലാൻ നീട്ടി. പ്രൊമോഷനുകളും ധനസഹായ സംരംഭങ്ങളും ഉണ്ടായിരുന്നിട്ട് പോലും പുതിയ ഫോണുകൾ വാങ്ങാൻ പലരും മടിക്കുന്നതായി കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് പറയുന്നു. ഡിമാൻഡ് കുറഞ്ഞതിനൊപ്പം വിതരണത്തെയും പ്രതികൂലമായി ബാധിച്ചതിനാൽ ഈ പാദത്തിൽ ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണി വലിയ സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയാം.

മെമ്മറിയുടെയും മറ്റ് ഘടകങ്ങളുടെയും ചെലവിലുണ്ടായ വർധനവ് ഒട്ടുമിക്ക നിർമ്മാണ കമ്പനികളെയും ഒന്നിലധികം തവണ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കി. തത്ഫലമായി രണ്ടാം പാദത്തിന്റെ അവസാനത്തോടെ സ്മാർട്ട്ഫോണുകളിൽ ശരാശരി 15 ശതമാനത്തോളം വില വർധനവ് ഉണ്ടായതായി സീനിയർ അനലിസ്റ്റ് പ്രാചിർ സിങ് പറഞ്ഞു.

ബജറ്റ് ഫോൺ ബജറ്റ് വിലയിൽ ലഭ്യമല്ല

സാമ്പത്തിക പ്രശ്നങ്ങൾ, പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഫോൺ മാറ്റിവാങ്ങുന്നവരെ തീരുമാനത്തിൽ നിന്ന് പിന്തിരിയിപ്പിച്ചു. 15,000 രൂപയിൽ താഴെ വിലയിലുള്ള ഫോണുകളെയാണ് ഇത് കാര്യമായി ബാധിച്ചത്. ബജറ്റ് ഫോൺ ബജറ്റ് വിലയിൽ ലഭ്യമല്ലാതായതോടെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള ഫോണുകൾ കിട്ടാക്കനിയായി.

ബജറ്റ് സെഗ്മെന്റിന്റെ കയറ്റുമതി വർഷം തോറും 45 ശതമാനം കുറഞ്ഞു. ഇതിന് പരിഹാരമെന്നോണം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളെ മികച്ച രീതിയിൽ നേരിടുന്നതിനായി നിരവധി കമ്പനികൾ 4G പോർട്ട്ഫോളിയോകൾ വികസിപ്പിച്ചു. ഘടക ചെലവുകൾ സ്ഥിരപ്പെടുന്നതുവരെ ബജറ്റ് ഫോൺ ആഗ്രഹിക്കുന്ന സാധാരണക്കാരിലേക്ക് എത്തുന്നതിൽ 4G ഫോണുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രാചിർ സിങ് പറഞ്ഞു.

അൾട്രാ-പ്രീമിയം വിഭാഗത്തെ വില വർധനവ് ബാധിച്ചോ?

ബജറ്റ് ഫോണുകളെ വരെ വില വർധനവ് കാര്യമായി ബാധിച്ചപ്പോഴും 45,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളടങ്ങുന്ന അൾട്രാ-പ്രീമിയം വിഭാഗം താരതമ്യേന സ്ഥിരത പുലർത്തി. ധനസഹായ ഓപ്ഷനുകൾ കൂടെ ലഭിച്ചതോടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ചെലവ് കുറഞ്ഞിരുന്നു. ഇത് ഉപഭോക്താക്കളെ വിലയിലേക്ക് കൂടുതൽ ആക്സസ് ചെയ്യാൻ കഴിയുന്നതാക്കി.

മെമ്മറി ഘടകങ്ങളുടെ ക്ഷാമം തുടരുന്നതിനാൽ ഫോണുകൾക്ക് വില വർധിക്കുന്നത് ഇനിയും തുടരും. 2025 സെപ്റ്റംബർ മുതൽ സ്മാർട്ട്ഫോൺ മെമ്മറിയുടെ വില 4 മടങ്ങാണ് വർധിച്ചത്. വരും മാസങ്ങളിൽ ഇത് കൂടുതൽ ഉയരാനാണ് സാധ്യത. 5 മടങ്ങ് വരെ എത്താൻ സാധ്യതയുണ്ട്.

അതിനാൽ വർഷത്തിന്റെ ബാക്കി കാലയളവിലും വിപണി സമ്മർദ്ദത്തിൽ തുടരാനാണ് സാധ്യതയെന്ന് ഗവേഷണ ഡയറക്ടർ തരുൺ പതക് പറഞ്ഞു. അടുത്ത പാദങ്ങളിൽ കയറ്റുമതിയിൽ 13 ശതമാനത്തോളം കുറവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News