Enter your Email Address to subscribe to our newsletters

Palakkad , 22 ജൂലൈ (H.S.)
ഒരു കുന്നുപോലെ ടൺ കണക്കിന് മണ്ണ് ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്നു. ഉരുളൻ കല്ലുകൾ വേറെയും, വയനാട്ടിലെ കളളാടിയിലുണ്ടായ ദുരന്തം ഇവിടെ ആവർത്തിക്കാതിരിക്കാനുളള പ്രാർഥനയിലാണ് ഷൊർണൂർ കണയം കല്ലുരുട്ടിയിലെ പ്രദേശവാസികൾ. മഴ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. വയനാട്ടിലെ കളളാടി ദുരന്തത്തിൻ്റെ മറ്റൊരു നേർച്ചക്കാഴ്ച കൂടിയാണ് കല്ലുരുട്ടി നിവാസികൾക്ക് മുന്നിലുളളത്.
കണയം പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയും ഇവിടെ കൂട്ടിയിട്ട ടൺ കണക്കിന് മൺകൂനയുമാണ് ഇവിടത്തുകാരുടെ ജീവിതത്തെ ഇപ്പോൾ ഭീതിയിലാക്കുന്നത്. ശക്തമായി മഴ പെയ്താൽ മൺകൂനയിൽ നിന്നും മണ്ണും ചളിവെളളവുമെല്ലാം സമീപത്തെ വീടുകളിലേക്ക് ഏതു സമയവും എത്താൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം അനുമതിയില്ലാത്ത സ്ഥലത്ത് പാറ പൊട്ടിച്ചു എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
സംഭവത്തിൽ പൊലീസ് എത്തി താൽക്കാലികമായി ഇവിടെ നിന്നും പാറ പൊട്ടിക്കുന്നത് നിർത്തി വയ്ക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ ക്വാറിയിൽ ഉഗ്ര ശബ്ദത്തോടുകൂടി കരിങ്കൽ പൊട്ടിക്കുന്നത് മൂലം വീടുകൾക്ക് കേടുപാടുകൾക്ക് സംഭവിച്ചു എന്നാണ് നാട്ടുകാരുടെ പരാതി. ഇതിനോടകം 30 ലധികം പരാതികളാണ് ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് ലഭിച്ചിട്ടുള്ളത്.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ക്വാറിയുടെ പ്രവർത്തനമെങ്കിലും രാവിലെ 4 മണി മുതൽ രാത്രി 11 വരെയും ക്വാറി പ്രവർത്തിപ്പിക്കുന്നുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ നിർദേശിച്ച സമയത്തിനപ്പുറം ക്വാറി പ്രവർത്തിപ്പിക്കുന്നില്ലന്നാണ് ക്വാറി ഉടമകളുടെ വാദം. ഉഗ്ര ശബ്ദത്തിൽ പാറ പൊട്ടിക്കുമ്പോൾ വീടിൻ്റെ ഓടുകൾ ഇളകി വീഴുകയും ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും, വീടുകൾ കുലുങ്ങുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതിലൂടെ സമീപത്തെ വീടുകൾക്ക് ഉണ്ടായ കേടുപാടുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന് സെക്രട്ടറി നിർദേശം നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ മെല്ലെപ്പോക്കായി. കണയം കല്ലുരുട്ടി പ്രദേശത്ത് മാത്രം നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രദേശത്ത് കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു.
പിന്നീട് രണ്ട് വർഷം മുൻപാണ് നാലിലധികം പേർ ചേർന്ന് പ്രദേശത്തെ 20 ഏക്കർ സ്ഥലത്ത് ക്വാറി പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്ത് ക്വാറി ആരംഭിക്കുന്നതിന് ഉടമകൾ നഗരസഭയെ സമീപിച്ചപ്പോൾ നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ക്വാറി ഉടമകൾ സെക്രട്ടറിയെ പ്രതി ചേർത്ത് കോടതിയിൽ നിന്നാണ് പ്രവർത്തനാനുമതി വാങ്ങിയെടുത്തത്. ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണയം പ്രദേശവാസികൾ ക്വാറി വിരുദ്ധ ജനകീയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ക്വാറി പ്രവർത്തനം ഇവിടുത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ടെങ്കിലും നിയമപരമായി ഇവയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കൗൺസിലർ സിനി മനോജ് വ്യക്തമാക്കി. നിയമം അനുശാസിച്ച് എല്ലാ രേഖകളുമുൾപ്പെടുത്തിയാണ് അവർ നിയമസഭയിൽ ക്വാറി പ്രവർത്തനത്തിന് അപേക്ഷ സമർപ്പിച്ചത്. വളരെ നാളുകൾക്ക് ശേഷം എല്ലാ വശങ്ങളും പരിശോധിച്ച് ഉദ്യോഗസ്ഥർ നേരിട്ടെത്തിയ ശേഷം ഹൈക്കോടതി അനുമതി നൽകിയതോടെയാണ് പ്രവർത്തനം ആരംഭിച്ചതെന്നും, കൗൺസിലർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR