Enter your Email Address to subscribe to our newsletters

Kozhikode , 22 ജൂലൈ (H.S.)
മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് ഫോൺ വന്ന സംഭവത്തിൽ സിം കാർഡ് ഉടമയെ പൊലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയായ ഇയാളെ അന്വേഷണസംഘം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്നും ഫോൺ നഷ്ടപ്പെട്ടെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാത്ത പൊലീസ്, കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി മൊബൈൽ ടവർ ഡംപ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പൊലീസിൻ്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. എംഎൽഎയ്ക്ക് ലഭിച്ച വാട്സാപ്പ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഡൽഹിയിലെത്തിയത്. ഡൽഹി നമ്പറിൽ വ്യാജ സിം കാർഡ് ഉണ്ടാക്കിയാണോ തട്ടിപ്പ് നടത്തിയതെന്നും സൈബർ പൊലീസ് പരിശോധിക്കുന്നുണ്ട്.
മറ്റ് ജനപ്രതിനിധികൾക്കും വ്യാജ കോൾ
സംസ്ഥാന മന്ത്രിസഭയിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ജൂലൈ ആറിനാണ് വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വാട്സാപ്പിലൂടെ കോൾ വന്നത്. ഇതിന് പിന്നാലെ എംഎൽഎ നൽകിയ പരാതിയിൽ സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മറ്റ് ജനപ്രതിനിധികളെയും സമാനമായ രീതിയിൽ ഫോണിൽ ബന്ധപ്പെട്ടെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. എംപിമാരായ ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ, എം.കെ രാഘവൻ എന്നിവർക്കും വാട്സാപ്പിലൂടെ ഇത്തരമൊരു വാഗ്ദാനം ലഭിച്ചിരുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ ഇവരെ ബന്ധപ്പെട്ടത്. രാജ്കുമാർ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നേതാക്കളോട് സംസാരിച്ചത്.
സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും ഇടുക്കി ജില്ലയിൽ നിന്ന് ഒരാൾക്ക് സാധ്യതയുണ്ടെന്നും ഡീൻ കുര്യാക്കോസിനോട് വിളിച്ചയാൾ പറഞ്ഞിരുന്നു. ജില്ലയിലെ എല്ലാ സീറ്റുകളിലും വിജയിപ്പിച്ച വ്യക്തിയെന്ന നിലയിൽ തനിക്ക് സാധ്യതയുണ്ടെന്നായിരുന്നു വാഗ്ദാനം. ഇംഗ്ലീഷിലാണ് ഇയാൾ സംസാരിച്ചത്. ഉടൻ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ വിവരം അറിയിച്ചതായി ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. സമാനമായ കോൾ തൻ്റെ ഫോണിലേക്കും വന്നതായി എം.കെ രാഘവനും പറഞ്ഞു. തൻ്റെ പി.എ ആണ് കോൾ എടുത്തതെന്നും അപ്പോൾ തന്നെ കട്ട് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിരവധി വ്യാജ കോളുകൾ വരുന്നതിനാൽ അതിനെ വലിയ കാര്യമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൻ്റെ ഇടപെടൽ
സംഭവത്തിൽ എഐസിസി നേതൃത്വവും പ്രിയങ്ക ഗാന്ധിയുടെ ഓഫിസും അന്വേഷണം നടത്തുകയും ഇത് വ്യാജ കോളുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാർ ഡൽഹി പൊലീസിലും കേരള ഡിജിപിക്കും പരാതി നൽകിയതായി ഇടിവി ഭാരതിനോട് പറഞ്ഞു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യ ബാലകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് ഡൽഹി സ്വദേശിയെ ചോദ്യം ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR