തലകറങ്ങി ഉപ്പള പുഴയുടെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീണ പെൺകുട്ടിക്ക് ദൈവദൂതനെപ്പോലെ എത്തി രണ്ടാം ജന്മം നൽകി പ്രദേശവാസി.
Kasaragod , 22 ജൂലൈ (H.S.) തലകറങ്ങി ഉപ്പള പുഴയുടെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീണ പെൺകുട്ടിക്ക് ദൈവദൂതനെപ്പോലെ എത്തി രണ്ടാം ജന്മം നൽകി പ്രദേശവാസി. കാസർകോട് ദേരമ്പളത്തെ ഐത്തപ്പ പൂജാരിയുടെ മകൾ സുസ്മിതയ്ക്കാണ് (22) കർഷകനായ ഉദയകുമാർ (38) രക്ഷകനാ
WOODEN BRIDGE ACCIDENT


Kasaragod , 22 ജൂലൈ (H.S.)

തലകറങ്ങി ഉപ്പള പുഴയുടെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീണ പെൺകുട്ടിക്ക് ദൈവദൂതനെപ്പോലെ എത്തി രണ്ടാം ജന്മം നൽകി പ്രദേശവാസി. കാസർകോട് ദേരമ്പളത്തെ ഐത്തപ്പ പൂജാരിയുടെ മകൾ സുസ്മിതയ്ക്കാണ് (22) കർഷകനായ ഉദയകുമാർ (38) രക്ഷകനായത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സിനിമക്കഥയെ വെല്ലുന്ന സംഭവം. തകർന്നു കിടക്കുന്ന പാലത്തിന് പകരം നാട്ടുകാർ നിർമിച്ച അപകടകരമായ മരപ്പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

തലകറങ്ങി പുഴയിലേക്ക്

അനിയത്തി നിഷ്മിതയുടെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ആധാർ, ബാങ്ക് പാസ് ബുക്ക്, എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ യഥാർഥ പകർപ്പുമായി മടങ്ങുകയായിരുന്നു സുസ്മിത. പാലത്തിന് നടുവിലെത്തിയപ്പോൾ പുഴയിലെ വെള്ളപ്പൊക്കം കണ്ട് തലകറങ്ങി താഴേക്ക് വീഴുകയായിരുന്നു.

പാലത്തിൽ കയറി താഴോട്ട് നോക്കിയപ്പോൾ വെള്ളം തൊട്ടുരുമ്മി നിൽക്കുകയാണ്. പെട്ടെന്ന് തലകറങ്ങി പുഴയിലേക്ക് വീണു. രണ്ട് തവണ മുങ്ങിപ്പൊങ്ങി, മൂന്നാമതും മുങ്ങിത്താഴുമ്പോൾ വസ്ത്രത്തിൽ ആരോ പിടിച്ചുവലിക്കുന്നതായി തോന്നി. കരയ്ക്കെത്തിയപ്പോഴാണ് ജീവൻ തിരിച്ചുകിട്ടിയെന്ന് മനസ്സിലായത്. സർട്ടിഫിക്കറ്റുകളെല്ലാം ഒലിച്ചുപോയി.

ചുഴി വകവയ്ക്കാതെ ചാടിയിറങ്ങി ഉദയകുമാർസ്ഥലത്തുണ്ടായിരുന്ന ഉദയകുമാർ ഒട്ടും മടിക്കാതെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ശക്തമായ ചുഴിയും ഒഴുക്കും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.

ഈ പുഴയിലാണ് ഞാൻ നീന്തൽ പഠിച്ചത്. ദൂരെനിന്ന് ഒരാൾ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ചുഴിയിൽപ്പെട്ട് ഞാനും മുങ്ങിപ്പോയിരുന്നു. എങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

ഭരണകൂടത്തിൻ്റെ അനാസ്ഥ; ഭീതിയിൽ നാടൊട്ടുക്ക്1999–2000 കാലഘട്ടത്തിൽ നിർമിച്ച മടന്തൂർ ദേരമ്പളം കോൺക്രീറ്റ് നടപ്പാലം മണൽവാരൽ കാരണം തകർന്നിട്ട് നാല് വർഷമായി. പകരം പാലം നിർമിക്കാത്തതിനാൽ കവുങ്ങ് മരങ്ങൾ ചേർത്തുവച്ച താത്കാലിക പാലത്തിലൂടെയാണ് കുട്ടികളും വയോധികരും അടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്നത്. ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന പാലം പുനർനിർമിക്കാത്തതിൽ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഒരു വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെങ്കിലും, മടന്തൂർ–ദേരമ്പളം നിവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ജീവൻ പണയം വച്ചുള്ള ഈ മരപ്പാല യാത്ര അവസാനിപ്പിക്കാൻ അധികൃതർ ഇനി എന്ന് ഇടപെടുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഒരു ദുരന്തം സംഭവിച്ചതിന് ശേഷം മാത്രം കണ്ണുതുറക്കുന്ന ഭരണകൂട സമീപനം അവസാനിപ്പിച്ച്, അടിയന്തരമായി പുതിയ പാലം പുനർനിർമിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News