Enter your Email Address to subscribe to our newsletters

Palakkad , 22 ജൂലൈ (H.S.)
ഡല്ഹിയില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി അടക്കമുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് നടപടിക്ക് പിന്നാലെ കേരളത്തിലും പ്രതിഷേധം ആളിക്കത്തി. പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും കോട്ടയത്ത് യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. പന്തം കൊളുത്തിയാണ് പ്രവര്ത്തകര് പ്രതിഷേധം സംഘടിപ്പിച്ചത്.
നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവയ്ക്കുക, ചോദ്യപേപ്പർ ചോർച്ചക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് മുമ്പില് സമാപിച്ച പ്രകടനത്തിന് ശേഷം പ്രവര്ത്തകര് പ്രതിഷേധ യോഗം ചേര്ന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ ഭവദാസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിവി സതീഷ് അധ്യക്ഷത വഹിച്ചു.
കോട്ടയത്തും ആളിക്കത്തി പ്രതിഷേധം:
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപിമാരെയും അക്രമിച്ച ഡൽഹി പൊലീസിൻ്റെ നടപടിയിൽ പ്രതിഷേധി ച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. കോട്ടയം നഗരത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺ ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപള്ളി ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷ ക്രമക്കേടിൽ മന്ത്രി രാജിവയ്ക്കണമെന്നും രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കൾക്കും നേരെ നടത്തിയ പൊലീസ് അക്രമത്തിലും അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. നേതാക്കളായ പികെ വൈശാഖ്, അരുൺ മർക്കോസ്, ആഷീക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നലെ വൈകിട്ടാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില് പ്രതിഷേധിച്ച രാഹുല് ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാഹുല് ഗാന്ധിയെ അറസ്റ്റ് ചെയ്യാന് നിലത്ത് കൂടി വലിച്ചിഴയ്ക്കുന്നതിനിടെ മുഖത്തിന് പരിക്കേറ്റിരുന്നു. വന് പ്രതിഷേധമാണ് തലസ്ഥാനത്ത് കോണ്ഗ്രസ് പ്രവര്ത്തകര് നടത്തുന്നത്. സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) എംപി സുപ്രിയ സുലെ എന്നിവരും പ്രതിഷേധിക്കാനെത്തിയിരുന്നു. സർക്കാരിനെതിരായ ഒരു വലിയ പ്രസ്ഥാനത്തിൻ്റെ തുടക്കമാണ് ഈ പ്രതിഷേധമെന്ന് കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR