Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ജൂലൈ (H.S.)
തിരുവനന്തപുരം: കർഷകരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാലയങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, കർഷകർ എന്നിവയെ സംയോജിപ്പിച്ചുള്ള സമഗ്ര കാർഷിക വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. ഫാം ടൂറിസം, അഗ്രി സ്റ്റാർട്ടപ്പുകൾ, കാർഷിക സംരംഭകത്വം എന്നിവയ്ക്ക് പുതിയ ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനത്ത് 2,200 കാർഷിക സംരംഭകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതി, അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ATMA) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാറശ്ശാല ബ്ലോക്ക് തല കിസാൻ മേള, കിസാൻ ഗോഷ്ഠി, ഹരിത വിസ്മയം പരിപാടി എന്നിവയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാറശ്ശാല കാർഷിക സമ്പന്നതയ്ക്ക് ഏറെ സാധ്യതയുള്ള മേഖലയാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി തിരുവാതിര ഞാറ്റുവേല കാലഘട്ടത്തിലും സംസ്ഥാനത്ത് 10 മുതൽ 40 ശതമാനം വരെ മഴക്കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പരിശോധനയ്ക്കായി ലാബുകളിലെത്തിച്ച 1,258 കാർഷിക വിള സാമ്പിളുകളിൽ 51 എണ്ണത്തിൽ അനുവദനീയ പരിധിയേക്കാൾ കൂടുതൽ കീടനാശിനി അവശിഷ്ടം കണ്ടെത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ സമഗ്ര പരിശോധനാ സംവിധാനങ്ങളുള്ള മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ ആരംഭിക്കാൻ കാർഷിക സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിത ഭക്ഷണത്തിനായി ഓരോ കുടുംബവും സ്വന്തം സ്ഥലത്ത് കഴിയുന്നത്ര പച്ചക്കറി കൃഷി ചെയ്യണമെന്നും കുടുംബങ്ങളിലാകെ കാർഷിക സംസ്കാരം വളർത്തിയെടുക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ മുഴുവൻ തരിശുനിലകളും കണ്ടെത്തി പൊതുമേഖല-സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കി തരിശുരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
യുവതലമുറയുടെ കാർഷിക പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഈ വർഷം 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുമെന്നും ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമാകുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയെ ബന്ധിപ്പിച്ചുള്ള കാർഷിക ശൃംഖലയും രൂപീകരിക്കും.
2026 അന്താരാഷ്ട്ര വനിതാ കർഷക വർഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കൃഷി സഖി പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് 350 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ആദ്യഘട്ടത്തിൽ 300 വനിതാ ഗ്രൂപ്പുകളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.
കർഷകർ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയായി, സംഭരിച്ച നെല്ലിന്റെ കുടിശ്ശിക വില ഉടൻ വിതരണം ചെയ്യുമെന്നും ജലക്ഷാമം പരിഹരിക്കുന്നതിനായി ജലസേചന വകുപ്പുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പാറശ്ശാല ബ്ലോക്കിനെ സമ്പൂർണ തരിശുരഹിതവും കാർഷിക സമൃദ്ധിയുള്ള മേഖലയുമായി മാറ്റിയെടുക്കുന്നതിന് കൃഷിവകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ഭാഗമായി സി.ടി.സി.ആർ.ഐ., വി.എഫ്.പി.സി.കെ., എഫ്.പി.ഒ.കൾ, കൃഷിഭവനുകൾ, കർഷക ഉൽപ്പന്നങ്ങൾ, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, മണ്ണ് പരിശോധന ലാബ് എന്നിവയുടെ പ്രദർശന സ്റ്റാളുകളും കാർഷിക സെമിനാറുകളും സംഘടിപ്പിച്ചു. ചടങ്ങിൽ പാറശ്ശാല ബ്ലോക്കിലെ മികച്ച കർഷകരെയും കൃഷി ഉദ്യോഗസ്ഥരെയും ആദരിച്ച മന്ത്രി, കാർഷിക പ്രശ്നോത്തരി മത്സരത്തിലും പ്രദർശന മേളയിലെ വിവിധ മത്സരങ്ങളിലുമായി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
---------------
Hindusthan Samachar / Sreejith S