കണ്ണൂർ ദന്തൽ കോളജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം. കെ. റാമിന്റെ അറസ്റ്റിൽ ഗൂഢാലോചനയെന്ന് ഹൈക്കോടതി; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ നിർദേശം
Kochi , 22 ജൂലൈ (H.S.) - പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന അവസ്ഥ; പൊലീസിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനം - പാവപ്പെട്ടവരെ പീഡിപ്പിച്ച് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസെന്ന് കോടതി ചോദ്യം കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാ
കണ്ണൂർ ദന്തൽ കോളജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം. കെ. റാമിന്റെ അറസ്റ്റിൽ ഗൂഢാലോചനയെന്ന് ഹൈക്കോടതി; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ നിർദേശം


Kochi , 22 ജൂലൈ (H.S.)

-

പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന അവസ്ഥ; പൊലീസിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനം

-

പാവപ്പെട്ടവരെ പീഡിപ്പിച്ച് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസെന്ന് കോടതി ചോദ്യം

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി ആർ. എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോക്ടർ എം. കെ. റാമിനെ അറസ്റ്റ് ചെയ്ത രീതിയിൽ ഗുരുതരമായ വീഴ്ചയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും അറസ്റ്റ് നടപടികളിൽ വീഴ്ച വരുത്തിയ ചുമതലപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകി.

കേസിലെ പ്രതിയുടെ പണവും മറ്റ് ആനുകൂല്യങ്ങളും പറ്റി ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തിയ കോടതി, പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്ന് രൂക്ഷമായ ഭാഷയിൽ വ്യക്തമാക്കി. പാവപ്പെട്ട മനുഷ്യരെ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോൾ, പണവും സ്വാധീനവുമുള്ള പ്രതികളെ സംരക്ഷിക്കാനാണോ പൊലീസ് സേന നിലകൊള്ളുന്നത് എന്ന് കോടതി ചോദ്യം ചെയ്തു.

പ്രതിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭരണതലത്തിൽ തന്നെ അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. സാധാരണക്കാരെയും വായ്പാ കേസുകളിലെ (ലോൺ ആപ്പ് കേസുകൾ ഉൾപ്പെടെ) പ്രതികളെയും പിടികൂടുമ്പോൾ അറസ്റ്റ് ചട്ടങ്ങളും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ അതീവ ജാഗ്രത കാണിക്കുന്ന പൊലീസ്, ഈ കേസിലെ മുഖ്യപ്രതിയായ ഡോ. എം. കെ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത്തരത്തിൽ നിയമപരമായ വീഴ്ച വരുത്തി പ്രതിക്ക് എളുപ്പത്തിൽ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കിക്കൊടുത്തത് ആസൂത്രിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തിനാണ് ഇങ്ങനെയൊരു പൊലീസ് സേന? പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ വ്യക്തമായി മനസ്സിലാകുന്നുണ്ട് എന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. പ്രൊഫഷണൽ കോളജ് വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ പ്രതിക്ക് അനുകൂലമായ നിലപാടെടുത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാകില്ല. കേസിന്റെ ഗൗരവം ഉൾക്കൊണ്ട് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കണമെന്നും കേസിൽ ഉൾപ്പെട്ട ഉന്നത തലത്തിലുള്ളവർക്കെതിരെ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻരാജ് ക്രൂരമായ മാനസിക പീഡനങ്ങളെയും ജാതി അധിക്ഷേപങ്ങളെയും തുടർന്നാണ് ജീവനൊടുക്കിയത് എന്നായിരുന്നു കുടുംബത്തിന്റെ പരാതി. സംഭവത്തിന് ശേഷം മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതി ഡോ. എം. കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. തുടർന്ന് നടന്ന അറസ്റ്റ് നടപടികളിലെ നിയമപരമായ വീഴ്ച ചൂണ്ടിക്കാട്ടി പ്രതി കോടതിയിൽ നിന്ന് സാങ്കേതികമായി ആനുകൂല്യം നേടാൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി പൊലീസിനെതിരെ ഇത്രയും കടുത്ത നടപടികളിലേക്ക് കടന്നത്

---------------

Hindusthan Samachar / Roshith K


Latest News