Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ജൂലൈ (H.S.)
തിരുവനന്തപുരം: കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിൽ യുവജന സംഘടനകൾ കൈകോർക്കണം. പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും അനിവാര്യമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടന്ന വിവിധ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കുന്നതിനും ലഹരി മാഫിയക്കെതിരായ നടപടികൾ ജനകീയ പങ്കാളിത്തത്തോടെ ശക്തമാക്കുന്നതിനുമുള്ള നിർദേശങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
ലഹരിക്കെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ യുവജന സംഘടനകളും പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നടപ്പാക്കേണ്ട നിർദേശങ്ങളും സംഘടനകൾ മുന്നോട്ടുവച്ചു.
കുട്ടികളിലെ മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് 'ടോക് റൂം' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്ക് ആശങ്കകളും പ്രശ്‌നങ്ങളും തുറന്ന് പങ്കുവയ്ക്കാൻ സുരക്ഷിതമായ ഇടം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളുകൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കണമെന്നും അതിനായി പ്രത്യേക പരിശീലനം നേടിയ വിദഗ്ധരെ നിയോഗിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്ന ആശങ്ക യൂത്ത് ലീഗ് പങ്കുവെച്ചതോടൊപ്പം, അത്തരം സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഡീ-അഡിക്ഷൻ ചികിത്സാ സൗകര്യങ്ങൾ താലൂക്ക് ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും, എൻ.ഡി.പി.എസ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നും വിവിധ സംഘടനകൾ നിർദേശിച്ചു. നിലവിലെ നിയമപരമായ പരിമിതികൾ കാരണം കുട്ടികൾക്ക് ആവശ്യമായ ഡീ-അഡിക്ഷൻ ചികിത്സ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
എല്ലാ പ്രവർത്തകരെയും 'തൂഫാൻ വാറിയർമാർ' ആക്കാൻ സന്നദ്ധരായി സംഘടനകൾ മുന്നോട്ടുവന്നു. സ്കൂളുകളിലെ വിവിധ ക്ലബുകൾ ഏകോപിപ്പിച്ച് ആന്റി-ഡ്രഗ് ക്ലബുകൾ രൂപീകരിക്കണമെന്നും അതിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സംഘടന നിർദേശിച്ചു. ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ റസിഡന്റ്സ് അസോസിയേഷനുകളെ ഉൾപ്പെടുത്തി പ്രത്യേക ബോധവത്കരണ ക്യാമ്പെയിനുകൾ സംഘടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
ക്യാമ്പസുകളുടെയും സ്കൂളുകളുടെയും പരിസരത്ത് പ്രവർത്തിക്കുന്ന ചില സ്റ്റേഷനറി കടകളിലൂടെ ലഹരി വിൽപ്പന നടക്കുന്നതായുള്ള ആശങ്ക എസ്.എഫ്.ഐ മുന്നോട്ടുവച്ചു. കുട്ടികളെ ലഹരി വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്നും സിറിഞ്ച് വിൽപ്പനയിൽ നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അവധിക്കാലങ്ങളിൽ വിദ്യാർഥികളെ കായിക-സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കണമെന്നും സംഘടന നിർദേശിച്ചു.
യോഗത്തിൽ ഉയർന്നുവന്ന മറ്റ് പ്രധാന നിർദേശങ്ങളിൽ ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തി തടയുന്ന സംവിധാനം ശക്തിപ്പെടുത്തുക, എക്‌സൈസ് വകുപ്പിനെ ആധുനികവത്കരിക്കുക, ഓൺലൈൻ ലഹരി വിൽപ്പന നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുക, വിവരദാതാക്കളുടെ രഹസ്യത ഉറപ്പാക്കുക, രക്ഷിതാക്കളുടെയും പി.ടി.എകളുടെയും പങ്കാളിത്തം വർധിപ്പിക്കുക, കുടുംബശ്രീയെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക, നർക്കോട്ടിക്‌സ് ബോധവത്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, റീഹാബിലിറ്റേഷൻ കമ്മ്യൂണിറ്റികൾ രൂപീകരിക്കുക, സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കുക തുടങ്ങിയവ ഉൾപ്പെട്ടു.
ലഹരി വിൽപ്പനയിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്ന തരത്തിലുള്ള കർശന നടപടികൾ വ്യാപാരികളിൽ ഭയമുണ്ടാക്കണമെന്നും, അക്രമികൾക്കെതിരെ ആൾക്കൂട്ട നീതി ഒരിക്കലും അനുവദിക്കില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ എസ്.പി.സി യൂണിറ്റുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമാനുസൃതമായ നടപടികൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S