Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 ജൂലൈ (H.S.)
സർക്കാർ സേവനങ്ങളിലെ വേഗതക്കുറവ് പരിഹരിക്കാനും കാര്യക്ഷമമായി നടപടികൾ പൂർത്തിയാക്കാനും വിവിധ വകുപ്പുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഡിജിറ്റൽ സർവകലാശാലയുടെയും എഐ വിദഗ്ധരുടെയും സഹായത്തോടെ ഇതിനുവേണ്ടി നൂതന സാങ്കേതിക രീതികൾ ഉൾപ്പെടുത്തി ഭരണചട്ടങ്ങൾ പരിഷ്കരിക്കും. ഇതിനായി പൊതുഭരണ വകുപ്പിൽ ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ എഞ്ചിനീയറിങ് സെൽ (ബിപിപിആർ സെൽ) രൂപീകരിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി. സെൽ രൂപീകരണത്തിനും പ്രാഥമിക ചെലവുകൾക്കുമായി 3.09 കോടിരൂപയും അനുവദിച്ചു.
ഫയൽ നീക്കം അതിവേഗത്തിലാകുംഫയൽ നോട്ടുകൾ തയ്യാറാക്കാനും മുൻകാല ഉത്തരവുകൾ വേഗത്തിൽ കണ്ടെത്താനും ഫയലുകൾ ചുരുക്കാനും പരിഭാഷയ്ക്കും പുതിയ പദ്ധതികൾ തയ്യാറാക്കാനും തെറ്റുകൾ കണ്ടെത്തി തിരുത്താനും എഐ സംവിധാനം ഉപയോഗിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. എഐയിലൂടെ സെക്രട്ടേറിയറ്റിലെയും വിവിധ വകുപ്പുകളിലെയും ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറച്ച് വേഗത കൂട്ടാനാണ് ലക്ഷ്യമിടുന്നത്. ആവർത്തിച്ചുള്ള പരിശോധനകൾ കുറയ്ക്കാൻ എഐ സംവിധാനം സഹായകരമാകുമെന്നും കണക്കാക്കപ്പെടുന്നു.
ചട്ടപരിഷ്കരണം എഐ സഹായത്തോടെപൊതുസേവന- കാര്യനിർവഹണ ചട്ടങ്ങൾ, ഭരണ- ധനകാര്യ മാന്വലുകൾ, സെക്രട്ടേറിയറ്റ് ഓഫിസ് മാന്വൽ, പൊതുസംഭരണ തത്വങ്ങൾ, കരാറുകൾ, പിഎസ്സി നിയമം എന്നിവയടക്കം എഐ സംവിധാനത്തിലൂടെ പരിഷ്കരിക്കും. ഓഫിസ് മാന്വൽ, നിർദേശങ്ങൾ, വകുപ്പുതല മാന്വലുകൾ അധികാര വികേന്ദ്രീകരണ ഉത്തരവുകൾ, വകുപ്പുകൾ തമ്മിലുള്ള റഫറൻസുകൾ എന്നിവ എഐ പുനഃപരിശോധിക്കും. പദ്ധതികൾ തയ്യാറാക്കാനും ഭരണാനുമതി, സാങ്കേതികാനുമതി, ധനകാര്യ അനുമതി എന്നിവയ്ക്കുള്ള നടപടികമങ്ങൾ എന്നിവയും എഐയിലൂടെ പുനഃപരിശോധിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
നിയമ ഭേദഗതിക്കും എഐസംവരണ രീതികൾ, ഭരണഘടന സംരക്ഷണം, സ്വാഭാവികനീതി എന്നിവ ലംഘിക്കാതെ ഭരണ ചട്ടപരിഷ്കാരം നടത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പബ്ലിക് സർവീസ് ആക്ട്, സിവിൽ സർവീസ് റൂൾസ്, പബ്ലിക് അക്കൗണ്ട്സ് ആക്ട്, വിജിലൻസ് ട്രിബ്യൂണൽ നിയമം, പബ്ലിക് സെർവന്റീസ് ആക്ട്, പ്രൈവറ്റ് എംപ്ലോയ്മെന്റ് ആൻഡ് ഗവൺമെന്റ് സർവീസ് നിയമം, ജീവനക്കാരുടെ പെരുമാറ്റചട്ടം, പിഎസ്സി റഗുലേഷൻ, സ്റ്റേറ്റ്- സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ്, അഡ്മിനിസ്റ്റേറ്റീവ് സർവീസ് സ്റ്റെഷ്യൽ റൂൾസ്, കേരള സർവീസ് റൂൾസ്, വിദ്യാഭ്യാസ നിയമം, റൂൾസ് ഓഫ് ബിസിനസ്, ഫിനാൻഷ്യൽ കോഡ്, ട്രഷറി കോഡ്, വിവരാവകാശ നിയമം എന്നീ ചട്ടങ്ങളിലും നിയമങ്ങളിലുമാണ് എഐ മുഖേന ഭേദഗതി വരുത്താൻ ഒരുങ്ങുന്നത്.
പ്രത്യേക സെല്ലിന് നിയമോപദേശവും തേടാം
പ്രിൻസിപ്പൽ സെക്രട്ടറി- സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാകും ബിപിപിആർ സെൽ ചുമതലക്കാരൻ. ഒരു ജോയിന്റ് - ഡെപ്യൂട്ടി സെക്രട്ടറി, നിയമ പ്രാവീണ്യമുള്ള ഒരു അണ്ടർ സെക്രട്ടറി, ഒരു സെക്ഷൻ ഓഫിസർ, നിയമ പ്രാവീണ്യമുള്ള മൂന്ന് അസിസ്റ്റന്റ്, ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റ്, രണ്ട് ഓഫിസ് അറ്റൻഡന്റ് എന്നിവരാകും സെല്ലിലുള്ളത്. ചുമതലയുള്ള പ്രിന്സിപ്പൽ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാകും റിപ്പോർട്ട് ചെയ്യേണ്ടത്. സെല്ലിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ കൺസൾട്ടിങ് സ്ഥാപനങ്ങൾ, നിയമോപദേശ ഏജൻസികൾ, വിവിധ സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ഡാറ്റാ സംരക്ഷണ വിദഗ്ധർ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവരെ കരാർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാം. സെൽ ഒരു പ്രത്യേക വകുപ്പായി പ്രവർത്തിക്കുന്നതിന് പകരം ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചായിരിക്കും മുന്നോട്ടു പോകുക. പൊതുഭരണ- ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ പിന്തുണ സെല്ലിന് ഉറപ്പാക്കും.
പൊതുജനാഭിപ്രായം തേടാൻ ഡിജിറ്റൽ പോർട്ടലും
പ്രാരംഭ പ്രവർത്തന കാലാവധി രണ്ട് വർഷമായി നിശ്ചയിച്ചിട്ടുള്ള സെല്ലിന്റെ പ്രവർത്തനം ചീഫ് സെക്രട്ടറി ഓരോ മാസവും അവലോകനം നടത്തും. സെല്ലുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് വകുപ്പുതല നോഡൽ ഓഫിസർമാരെ നാമനിർദേശം ചെയ്യാം. ഭരണ ചട്ടപരിഷ്കാരത്തിനായി സർക്കാർ ഡാറ്റ സെല്ലിന് അതത് വകുപ്പുകൾ ലഭ്യമാക്കണം. നിയമ- ചട്ടഭേദഗതികൾ വരുത്തുമ്പോൾ പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കാൻ പ്രത്യേക ഡിജിറ്റൽ പോർട്ടലും ചോദ്യാവലിയും തയ്യാറാക്കണമെന്നും സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആസാം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ നിലവിൽ സർക്കാർ നടപടിക്രമങ്ങളിൽ എഐ സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR