Enter your Email Address to subscribe to our newsletters

Ernakulam , 23 ജൂലൈ (H.S.)
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ആവശ്യം തള്ളി ഹൈക്കോടതി. അഞ്ചാം പ്രതി വടിവാൾ സലിമിൻ്റെയും ആറാം പ്രതി പ്രദീപിൻ്റെയും ഇടക്കാല ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
വിചാരണക്കോടതിയുടെ വിധിയിൽ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ നിയമവിരുദ്ധതയോ ഉള്ളതായി ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതികളുടെ ഇടക്കാല ആവശ്യം തള്ളിയത്.
ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ അപ്പീൽ നൽകിയിരുന്നത്. അപ്പീലിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. ഇടക്കാല ഉത്തരവായാണ് പ്രതികൾ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചത്.
കുറ്റകൃത്യത്തിൻ്റെ ഗൗരവം, അത് നടപ്പിലാക്കിയ രീതി, പൊതുതാത്പ്പര്യം എന്നിവ കണക്കിലെടുക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ തക്കതായ കാരണങ്ങളോ അസാധാരണ സാഹചര്യങ്ങളോ ഹർജിക്കാരന് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
നേരത്തെ കേസിലെ ഒന്നാം പ്രതിയായിരുന്ന പൾസർ സുനിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ശിക്ഷ മരവിപ്പിക്കാൻ തക്കതായ യാതൊരു അസാധാരണ സാഹചര്യവും നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയുടെ അപ്പീലിലെ ഇടക്കാല ആവശ്യം തള്ളിയത്.
ശിക്ഷാവിധി മരവിപ്പിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷനും ഇരയായ നടിയും ശക്തമായി എതിർത്തിരുന്നു. ഹീനമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ഇത്തരം സാഹചര്യത്തിൽ ശിക്ഷ മരവിപ്പിച്ച് പ്രതികൾക്ക് ജാമ്യം നൽകുന്നത് കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറയ്ക്കാൻ ഇടയാക്കുമെന്നുമാണ് നടി കോടതിയെ അറിയിച്ചത്.
2017 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ സംഭവം അരങ്ങേറുന്നത്. തൃശൂർ നഗരത്തിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് പ്രമുഖ നടി സഞ്ചരിച്ച വാഹനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ നടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2025 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള 6 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
നടിയെ ആക്രമിക്കുന്നതിനായി വാടകഗുണ്ടകളെ ഏർപ്പാടാക്കിയെന്നും, ഗൂഢാലോചനയിൽ പങ്കാളിയായ ദിലീപ് ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചെയ്തതെന്നുമായിരുന്നു പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിച്ചിരുന്നത്.
എന്നാൽ, ദിലീപിനെതിരെയുള്ള ഈ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ വിചാരണക്കോടതി ദിലീപ് ഉൾപ്പെടെ നാല് പേരെ കേസിൽ നിന്നും വെറുതെ വിട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR