Enter your Email Address to subscribe to our newsletters

Kollam , 23 ജൂലൈ (H.S.)
''ഒരു കൗണ്സിലർ എങ്കനെയായിരിക്കണം എന്നല്ല... ഒരു പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അക്ഷരാർഥത്തിൽ അദ്ദേഹം നല്ലൊരു ഗാന്ധിയൻ ആയിരുന്നു. വിവാഹം തന്നെ വേണ്ടെന്ന് വച്ചാണ് അദ്ദേഹം പൊതുപ്രവർത്തനം തുടർന്നത്''.... കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത്ത് കുമാർ തങ്ങളെവിട്ട് വേർപിരിഞ്ഞുവെന്ന് ഇനിയും സുഹൃത്തുക്കള്ക്ക് വിശ്വസിക്കാനാകുന്നില്ല. അത്രമേൽ ഓർമകള് ബാക്കിവച്ചാണ് അദ്ദേഹം വിടപറഞ്ഞത്. മരിക്കുമ്പോള് പോലും ഈ സമൂഹത്തിന് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്ത് വച്ചിട്ടാണ് അദ്ദേഹം മറ്റൊരു ലോകത്തേയ്ക്ക് യാത്രയായത്.
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും. ജനസേവനരംഗത്ത് സജീവമായിരിക്കെ അപ്രതീക്ഷിതമായി വേർപിരിഞ്ഞ കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ (ഡിവിഷൻ 07) ബി അജിത്ത് കുമാർ(53) അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു കൊല്ലം കുരീപ്പുഴ, തൃക്കടവൂർ കോനവെട്ടത്ത് വീട്ടിൽ ബി. അജിത് കുമാറിന്.
ഇതോടെ അദ്ദേഹത്തിൻ്റെ അവയവങ്ങള് ദാനം ചെയ്യുകയായിരുന്നു. വൃക്കയും കരളും റോഡ്മാർഗം തിരുവനന്തപുരത്ത് എത്തിച്ചു. ഒരു വൃക്കയും കരളും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വൈകീട്ട് 3.14ന് റോഡ് മാർഗം പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെത്തിച്ചത്. വൈകിട്ട് നാലോടെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും 4.14ന് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ച് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കൈമാറി.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നീരുമൺകടവ് സ്വദേശിയായ 48കാരനും, രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വർക്കല സ്വദേശിനിയായ 37കാരിക്കും, കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കഴക്കൂട്ടം സ്വദേശിയായ 68കാരനുമാണ് നൽകിയത്. നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിനും നൽകി.
അവയവദാന തീരുമാനത്തിന് പിന്തുണ നൽകിയ അജിത്ത് കുമാറിൻ്റെ കുടുംബാംഗങ്ങളോട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. 2026 ജൂലൈ 19ന് (ഞായറാഴ്ച) രാവിലെ സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ജൂലൈ 22 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് അജിത്ത് കുമാറിൻ്റെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അവയവദാനത്തിനുശേഷം അജിത് കുമാറിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. നാളെ കൊല്ലം കോർപ്പറേഷൻ ടൗൺഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നുമണിയോടെ കുരീപ്പുഴയിലെ വീട്ടിലേക്ക് എത്തിക്കും. നാലുമണിക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.പരേതരായ ഭാസ്കരൻ പിള്ളയുടെയും ജഗദമ്മയുടെയും മകനാണ് അവിവാഹിതനായ ബി. അജിത്ത് കുമാർ. ബി.സുരേഷ് കുമാർ, ബി. അജിത കുമാരി എന്നിവരാണ് സഹോദരങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR