Enter your Email Address to subscribe to our newsletters

Thiruvananthapuram,23 ജൂലൈ (H.S.)
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികളുടെ താൽപര്യവും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ ഇടപെടലുകൾ നടത്തി പുനഃപരീക്ഷ നടത്തിയപ്പോൾ കോൺഗ്രസ് ഒരു നിലപാടും പറഞ്ഞില്ല. വിദ്യാർത്ഥികൾ സമരത്തിലായിരുന്ന സമയത്തും രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അവരുടെ ഇടയിലേക്ക് പോയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ ലക്ഷ്യം എന്താണെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടും അവിടങ്ങളിലെ വിഷയങ്ങളിൽ കോൺഗ്രസ് സമാനമായ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ നിലപാടിനെക്കുറിച്ച് ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ട്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പാർലമെന്റിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുകയാണ് ജനാധിപത്യപരമായ മാർഗം. അത്തരമൊരു ചർച്ചയെ കോൺഗ്രസ് എന്തിനാണ് ഭയക്കുന്നതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു
ഇത് യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ താൽപര്യത്തിനുവേണ്ടിയുള്ള സമരമാണോ, അതോ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ടയ്ക്കുവേണ്ടിയുള്ള സമരമാണോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല. ഭരണഘടനയിൽ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യാൻ പോയത് എന്തിനുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകൾ ഏറ്റവും കൂടുതൽ വേദനയോടെയും ഗൗരവത്തോടെയും കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കുറ്റക്കാർക്ക് കഠിന ശിക്ഷ നൽകാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകളെ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ലോകം മുഴുവൻ യുദ്ധങ്ങളുടെയും ഊർജ്ജ സുരക്ഷയുടെയും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഴുവൻ സമയവും മാറ്റിവെച്ചതായി കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലറും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. എം അബ്ദുൽസലാം പറഞ്ഞു. പി കെ കൃഷ്ണദാസ്, അഡ്വ ജെ ആർ പദ്മകുമാർ എന്നിവരും പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S