Enter your Email Address to subscribe to our newsletters

Thiruvanthpuram , 23 ജൂലൈ (H.S.)
ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം' കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഒടുവിൽ നടപടിയെടുത്ത് സർക്കാർ. എഡിജിപിയെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തതാണ് നടപടി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് എസ്ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ കർശന നടപടി വേണമെന്നാണു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട്. സസ്പെൻഷൻ ഉണ്ടായതിനാൽ ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിൽ പ്രശ്നങ്ങളുണ്ടാകും. അഗ്നിരക്ഷാസേനാ മേധാവി നിതിൻ അഗർവാൾ ഈ മാസം 31ന് വിരമിക്കും.
കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് ഡിജിപിക്കു നൽകിയ വിശദീകരണത്തിൽ അജിത്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറി. കേസ് ഡയറി തിരുത്താൻ ഓഫിസിലെ ഗ്രേഡ് എസ്ഐമാർക്കു നിർദേശം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എം.ആർ.അജിത്കുമാറുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതിൽ ഒരു കാലതാമസവും വന്നിട്ടില്ലെന്നും അദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകാൻ മനഃപൂർവം നടപടി വൈകിപ്പിക്കുകയാണെന്ന പ്രചാരണമുണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
വകുപ്പു തല നടപടിയുണ്ടായാൽ സ്ഥാനക്കയറ്റം മുടങ്ങും
എഡിജിപിക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികളുണ്ടായാൽ സ്ഥാനക്കയറ്റം മുടങ്ങും. അഗ്നിരക്ഷാസേനാ മേധാവി നിതിൻ അഗർവാൾ ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിൽ അജിത് കുമാറിന് ഡിജിപി റാങ്ക് ലഭിക്കുമെന്ന പ്രചാരണമുണ്ട്. എന്നാൽ ഇതിന് സർക്കാർ അനുമതിയും ആവശ്യമാണ്. നിലവിൽ സസ്പെൻഷനോ കാരണം കാണിക്കൽ നോട്ടിസോ നൽകിയാൽ പോലും എഡിജിപിയുടെ സ്ഥാനക്കയറ്റത്തെ അത് ബാധിക്കും. എന്നാൽ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന് പറയുന്ന സമയത്ത്, താൻ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന നിലപാടിലാണ് അജിത് കുമാറുള്ളത്. ഈ വാദങ്ങൾക്ക് പിൻബലമായി അദ്ദേഹം തൻ്റെ യാത്രാ രേഖകളും ഡിജിപിക്ക് കൈമാറിയെന്ന വിവരമാണ് ലഭിക്കുന്നത്.
എന്നാൽ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത് കുമാറിൻ്റെ നിർദേശപ്രകാരമാണ് അദ്ദേഹത്തിൻ്റെ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറി തിരുത്തിയതെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. ആദ്യ അന്വേഷണ റിപ്പോർട്ടിൽ വ്യക്തത തേടിയപ്പോൾ ഇക്കാര്യം ഡിജിപിയെ എസ്ഐടി അറിയിച്ചിരുന്നു. നിലവിൽ സമർപ്പിച്ച റിപ്പോർട്ടിലും അജിത് കുമാറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾക്ക് വ്യക്തതയില്ലെന്നും റിപ്പോർട്ടുകളുണ്ട്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR